ന്യൂഡൽഹി : 41 വർഷങ്ങൾക്ക് ശേഷം ഡൽഹി സിഖ് വിരുദ്ധ കലാപ കേസിൽ നടപടിയുമായി കോടതി. 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡൽഹിയിലെ തന്നെ മറ്റൊരു കലാപ കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന വ്യക്തിയാണ് മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ. നിലവിൽ
ഡൽഹിയിലെ റോസ് അവന്യൂ കോടതി യാണ് 1984 നവംബർ 1 ന് സരസ്വതി വിഹാർ പ്രദേശത്ത് ഒരു അച്ഛനെയും മകനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ കൂടി സജ്ജൻ കുമാർ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയിരിക്കുന്നത്.
കേസിൽ ഫെബ്രുവരി 18 ന് വീണ്ടും വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും കോൺഗ്രസ് നേതാവിനുള്ള ശിക്ഷ കോടതി പ്രസ്താവിക്കുന്നത്. 1984 നവംബർ 1 ന് സരസ്വതി വിഹാറിൽ ജസ്വന്ത് സിംഗിനെയും മകൻ തരുൺദീപ് സിംഗിനെയും കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവായ സജ്ജൻ കുമാർ നേതൃത്വം നൽകിയ ഒരു സംഘം സിഖുകാരനായ ജസ്വന്ത് സിംഗിനെയും മകനെയും ആൾക്കൂട്ടം ആക്രമണം നടത്തി കൊലപ്പെടുത്തുകയും ഇവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീട് കത്തിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ജസ്വന്ത് സിംഗിന്റെ കുടുംബത്തിലെ മറ്റു നിരവധി പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കോൺഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ ഭാഗമായിട്ടാണ് ഡൽഹി സിഖ് വിരുദ്ധ കലാപം നടന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം സിഖുകാരുടെ വീടുകൾ തേടിപ്പിടിച്ച് കൊള്ളയടിക്കുകയും, കയ്യിൽ കിട്ടിയവരെ എല്ലാം കൊലപ്പെടുത്തുകയും, സിഖുകാരുടെ വീടുകളും കടകളും മറ്റു സ്വത്തുക്കളും കത്തിക്കുകയും ചെയ്തതായി കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണകാരിയായ ജനക്കൂട്ടത്തിന് നേതൃത്വം നൽകിയത് കോൺഗ്രസ് നേതാവായ സജ്ജൻ കുമാർ ആണെന്നുള്ള പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. 2021 ഡിസംബർ 16-ന് സജ്ജൻ കുമാറിനെതിരെ കോടതി കുറ്റം ചുമത്തി. അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതായും ഡൽഹി റോസ് അവന്യൂ കോടതി വ്യക്തമാക്കി. റോസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബവേജ ആണ് കോൺഗ്രസ് നേതാവ് കുറ്റക്കാരൻ ആണെന്ന് വിധി പ്രസ്താവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം ആണ് ഈ കേസിൽ ശരിയായ നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതെന്ന് കോടതി വിധിക്ക് ശേഷം ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് സിഖ് സമൂഹം നന്ദി അറിയിക്കുന്നതായും അവർ വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ ഈ കേസ് അവസാനിപ്പിച്ചുവെന്നും എന്നാൽ മോദി സർക്കാർ വന്നതിനുശേഷം പ്രധാനമന്ത്രി മോദി എസ്‌ഐടി രൂപീകരിച്ച് ഈ കേസ് പുനഃപരിശോധിച്ചുവെന്നും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആത്മ സിംഗ് ലുബാന വ്യക്തമാക്കി.
ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആളുകൾ ക്രൂരമായി കൊല്ലപ്പെടുകയും സ്ത്രീകൾ പരസ്യമായി ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടപ്പോൾ കോൺഗ്രസ് സർക്കാർ അവർക്ക് അഭയം നൽകുകയാണ് ചെയ്തതെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ജഗ്ദീപ് സിംഗ് കഹ്‌ലോൺ പറഞ്ഞു.
നീതിക്കായി സിഖ് സമൂഹത്തിന് 40 വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സിഖ് സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചു. തുടർന്ന് മോദി സർക്കാർ കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. കോൺഗ്രസ് സർക്കാരുകൾ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചിരുന്ന പല സാക്ഷികളും എസ്ഐടി സംഘത്തിന് മുൻപിൽ സത്യസന്ധമായി മൊഴി നൽകാൻ തയ്യാറായി. അവർക്ക് ധൈര്യം പകരാൻ സിഖ് സമൂഹം കൂടെ തന്നെ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പരിശ്രമ ഫലമായാണ് ഇപ്പോൾ 41 വർഷങ്ങൾക്ക് ശേഷം സിഖ് സമൂഹത്തിന് നീതി ലഭിച്ചത് എന്നും ജഗ്ദീപ് സിംഗ് കഹ്‌ലോൺ വ്യക്തമാക്കി.
Discussion about this post