ന്യൂയോർക്ക്/ ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.
വാഷിംഗ്ടണിന് അടുത്തുള്ള അൻഡ്രൂസ് എയർഫോഴ്‌സ് വിമാനത്താവളത്തിൽ ആണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. ഇവിടെ നിന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് പോയി. മോദിയുടെ സന്ദർശനം അറിഞ്ഞ് നിരവധി ഇന്ത്യക്കാർ ആയിരുന്നു ബ്ലെയർ ഹൗസിന് മുൻപിൽ തടിച്ച് കൂടിയത്. ഇന്ത്യക്കാരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ഇവിടെ അൽപ്പനേരം വിശ്രമിച്ചതിന് ശേഷം പ്രധാനമന്ത്രി അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തുളസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി. ദേശീയ രഹസ്യാന്വേഷണം വിഭാഗം ഡയറക്ടറായി അടുത്തിടെ ആയിരുന്നു തുളസി ചുമതലയേറ്റത്. ഇതിൽ തുളസിയെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘമായി തുടരുന്ന സൗഹൃദ്യം ഇരുവരും ചേർന്ന് വിലയിരുത്തി. ഈ സൗഹൃദം എല്ലാക്കാലവും തുടരുമെന്നും ഇരുവരും ഉറപ്പ് നൽകി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിന് വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിയോടെ ആകും പ്രധാനമന്ത്രിയും പ്രസിഡന്റ് ഡൊണാൾട് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന നിർണായക വിഷയങ്ങൾ ചർച്ചയാകും. ട്രംപ് അധികാരത്തിൽ എത്തിയ ശേഷം അമേരിക്ക സന്ദർശിക്കുന്ന മൂന്നാമത്തെ ലോക നേതാവ് ആണ് മോദി.
വ്യാപാരവും ചുങ്കവും ആയിരിക്കും ട്രം- മോദി കൂടിക്കാഴ്ചയിൽ ചർച്ചയാകുന്ന പ്രധാന വിഷയം. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക വ്യാപാര ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് താരിഫിൽ 25 ശതമാനം ഇളവും ട്രംപ് നൽകിയിരുന്നു. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യാപര ബന്ധത്തിന് മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണം ആയി. ഈ സാഹചര്യത്തിലാണ് വ്യാപാരവും ചുങ്കവും കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത്.
അനധികൃത കുടിയേറ്റം ആകും അടുത്തതായി ഇരുവരും തമ്മിൽ ചർച്ച ചെയ്യുക. അനധികൃതമായി ഇന്ത്യയിൽ കഴിയുന്നവരെ തിരികെ അയക്കുന്ന നടപടികൾ ട്രംപ് തുടരുകയാണ്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയേക്കും.
Discussion about this post