ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയ പാക് പട്ടാളത്തിന് ചുട്ടമറുപടി നൽകി ഇന്ത്യൻ സൈന്യം. ഇന്നലെ പൂഞ്ച് ജില്ലയിലെ മെന്ദാർ സെക്ടറിൽ ആയിരുന്നു പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ പാകിസ്താന്റെ ഭാഗത്ത് ശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ഇന്നലെ വൈകുന്നേരം ആയിരുന്നു പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. മെന്ദാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ ചട്ടലംഘനം നടത്തിയ പാകിസ്താൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. 10 മുതൽ 15 റൗണ്ട് വെടി ആയിരുന്നു പാകിസ്താൻ ഉതിർത്തത്. പ്രത്യാക്രമണം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ പാകിസ്താൻ ആക്രമണത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
നാശനഷ്ടത്തിന്റെ വിവരം പാകിസ്താൻ പുറത്തുവിട്ടിട്ടില്ല. എങ്കിലും ആൾനാശം ഉൾപ്പെടെ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ തുടർന്നും വെടിനിർത്തൽ കരാർ ലംഘിക്കാനാണ് സാദ്ധ്യത. ഇതേ തുടർന്ന് അതിർത്തിയിൽ അതീവ ജാഗ്രത ഇന്ത്യൻ സൈന്യം പുലർത്തുന്നുണ്ട്. 2021 ഫെബ്രുവരിയിലെ ധാരണയ്ക്ക് ശേഷം ആദ്യമായിട്ടാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പട്ടാളം നടത്തുന്ന നാലാമത്തെ ആക്രമണം ആണ് ഇത്.
കഴിഞ്ഞ ദിവസം കൃഷ്ണഘാട്ടി സെക്ടറിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നത്. അഖ്‌നൂർ സെക്ടറിൽ ഉണ്ടായ സ്‌ഫോടനത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെയാണ് ജീവൻ നഷ്ടമായത്.
2021 ന് മുൻപ് പാകിസ്താൻ അടിയ്ക്കടി വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തുമായിരുന്നു. പ്രകോപമം തുടർന്നതോടെ ഇന്ത്യ പാകിസ്താനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഫലമായി 2021 ഫെബ്രുവരിയിൽ പാകിസ്താൻ ഇന്ത്യയുമായി ധാരണയിലെത്തുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റം ഉൾപ്പെടെ പാകിസ്താൻ പ്രകോപനം തുടർന്നു.
ഇന്നലെയുണ്ടായ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇനിയും പാകിസ്താൻ പ്രകോപനം തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. അതേസമയം പാകിസ്താൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഇന്ത്യൻ ഓഫീസർക്ക് പരിക്കേറ്റിരുന്നു. ജൂനിയർ കമ്മീഷൻ ഓഫീസർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post