ഊബര്‍ കാര്‍ ബുക്ക് ചെയ്ത് സഞ്ചരിച്ചതിന് ശേഷം ഡ്രൈവര്‍ തനിക്ക് ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ മെസേജുകള്‍ അയച്ചതായി കൊച്ചി സ്വദേശിനിയുടെ ആരോപണം. ഈ സംഭവം പങ്കുവെച്ചുകൊണ്ട് ഊബര്‍ ഇന്ത്യയുടെ സ്വകാര്യത സംബന്ധിച്ച ക്രമീകരണങ്ങളെക്കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് സ്മൃതി കണ്ണന്‍ എന്ന ഈ യുവതി തനിക്ക് ഊബര്‍ ഡ്രൈവറില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
തെളിവായി ഊബര്‍ ഡ്രൈവര്‍ തനിക്ക് അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടും സ്മൃതി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് ഊബറും രംഗത്തെത്തി. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാതെ കുറ്റകൃത്യം ചെയ്ത ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി യുവതിയെ ഊബര്‍ ഇന്ത്യ അറിയിച്ചു.
കൊച്ചിയില്‍ യുവതി മുമ്പ് നടത്തിയ യാത്രയെക്കുറിച്ച് ഓര്‍മിപ്പിച്ചാണ് ഡ്രൈവര്‍ യുവതിയോട് സംഭാഷണം ആരംഭിച്ചത്. എന്തിനാണ് തനിക്ക് മെസേജ് അയക്കുന്നതെന്ന് സ്മൃതി ഡ്രൈവറോട് അന്വേഷിച്ചു. അപ്പോള്‍ അന്ന് യാത്ര ചെയ്തപ്പോള്‍ യുവതി അടിച്ച പെര്‍ഫ്യൂം ഏതായിരുന്നുവെന്ന് അയാള്‍ തിരക്കി. തുടര്‍ന്ന് ഡ്രൈവറെ യുവതി വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഊബര്‍ ഇന്ത്യയുടെ സ്വകാര്യ സംബന്ധിച്ച മാനദണ്ഡങ്ങളെ സ്മൃതി പോസ്റ്റില്‍ വിമര്‍ശിച്ചു.
”നിങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ എത്രത്തോളം മോശമാണ്? ഒരു ഊബര്‍ ഡ്രൈവര്‍ എനിക്ക് വാട്ട്സ്ആപ്പില്‍ സന്ദേശം അയക്കുകയും ഭയപ്പെടുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്?”, പോസ്റ്റില്‍ യുവതി ചോദിച്ചു. ഊബര്‍ ഇന്ത്യയെ ടാഗ് ചെയ്താണ് സ്മൃതി പോസ്റ്റ് പങ്കുവെച്ചത്.
ഡ്രൈവര്‍ തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും അതിനാല്‍ അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ഊബര്‍ ഇന്ത്യ പ്രതികരിച്ചു.’എല്ലാ യാത്രകളിലും യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ഫോണ്‍ നമ്പറുകള്‍ മറച്ചുവെച്ചിരിക്കുകയാണ്. കൂടാതെ, ഊബര്‍ പ്ലാറ്റ്ഫോമിലൂടെ നമ്പര്‍ ലഭ്യമാകില്ല. ഇവിടെ പണം അടയ്ക്കാന്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പ് വഴിയാണ് ഡ്രൈവര്‍ക്ക് യാത്രക്കാരിയുടെ നമ്പര്‍ ലഭിച്ചത്. യാത്രയ്ക്ക് ശേഷം ഡ്രൈവര്‍മാര്‍ യാത്രക്കാരെ ബന്ധപ്പെടുന്നത് ഊബര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ ഡ്രൈവര്‍ ഞങ്ങളുടെ കമ്യൂണിറ്റി മാര്‍ഗനിര്‍ദേശം ലംഘിച്ചതിനാല്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു,” ഊബര്‍ വക്താവ് പറഞ്ഞു.
Discussion about this post