മുംബൈ: വാലന്റൈൻസ് ദിനത്തിൽ സിനിമാ പ്രേമികൾക്ക് സർപ്രൈസുമായി മുകേഷ് അംബാനി. ജിയോ സിനിമയെയും ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിനെയും ലയിപ്പിച്ചുകൊണ്ടുള്ള പുതിയ സേവനത്തിന് ഇന്ന് മുതൽ തുടക്കമായി. ജിയോ ഹോട്ട്സ്റ്റാർ എന്നാണ് സംയുക്ത ഒടിടി പ്ലാറ്റ്‌ഫോമിന്റെ പുതിയ പേര്.
ഇന്ന് രാവിലെ മുതലാണ് മാറ്റം വന്നത്. ഹോട്ട് സ്റ്റാറോ ജിയോ സിനിമയോ ഉളളവർക്ക് ഇനി മുതൽ ആപ്പ് തുറക്കുമ്പോൾ ജിയോ ഹോട്ട്സ്റ്റാറായിരിക്കും തുറന്നുവരിക. പ്രേഷകർക്കായി വിവിധ ഭാഷകളിലുള്ള പുതിയ സിനിമകൾ ആണ് ജിയോ സ്റ്റാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രമുഖ ഹോളിവുഡ് സിനിമകളുടെ വലിയ ശേഖരം ആരാധകർക്കായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡിസ്‌കവറി, എച്ച്ബിഒ, എൻബിസിയൂണിവേഴ്‌സൽ പീക്കോക്ക്, വാർണർ ബ്രോസ്, പാരാമൗണ്ട് എന്നീ ചാനലുകളും ജിയോ ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്.
സിനിമാ നിർമ്മാണ രംഗത്തെ ഭീമന്മാർ ആയ വാൾട്ട് ഡിസ്‌നി സ്റ്റാർനെറ്റ്‌വർക്കിന്റെ സഹകരണത്തോടെ ആരംഭിച്ച ഒടിടി പ്ലാറ്റ്‌ഫോമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ. വാൾട്ട് ഡിസ്‌നിയുമായി കൈ കോർക്കാൻ അംബാനി ഒരുങ്ങുന്നുവെന്ന വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപേ പുറത്തുവന്നിരുന്നു. എന്നാൽ പെട്ടെന്നുള്ള ഈ മാറ്റം സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
നിലവിൽ ഇന്ത്യയുടെ ഒടിടി രംഗത്ത് വലിയ ഉയർച്ചയാണ് ഉണ്ടാകുന്നത്. 2022 ൽ ഇന്ത്യയുടെ ഒടിടി രംഗതത് 200.5 ബില്യൺ ഡോളറിന്റെ വളർച്ചയായിരുന്നു ഉണ്ടായത്. 2032 ഓടെ ഇത്836.5 ബില്യൺ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് രണ്ട് ഭീമന്മാർ കൈകോർത്തിരിക്കുന്നത്.
ഒടിടി പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങൾ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് ജിയോ ഹോട്ട്സ്റ്റാറിന് തുടക്കമിട്ടിരിക്കുന്നതെന്ന് ജിയോസ്റ്റാർ ഡിജിറ്റൽ സിഇഒ കിരൺ മണി പറഞ്ഞു. ക്രിക്കറ്റ് ആണെങ്കിലും പ്രമുഖ സീരിയലുകൾ ആണെങ്കിലും അത് ആളുകൾക്ക് അത് ആസ്വദിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ ജിയോസ്റ്റാർ ഉടൻ പ്രഖ്യാപിക്കും. നിലവിൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് മൊബൈലിൽ സബ്‌സ്‌ക്രിപ്ഷന് 149 രൂപയാണ് നൽകേണ്ടിവരുന്നത്. ഈ പ്ലാനിന്റെ കാലാവധിയുള്ളവർക്ക് ജിയോഹോട്ട്സ്റ്റാരിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കും.
Discussion about this post