ടോക്യോ: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എല്ലായിടത്തേയ്ക്കും നമുക്ക് പ്രവേശനം ഉണ്ടായി എന്ന് വരില്ല. നിയന്ത്രിത, നിരോധിത മേഖലകൾ എല്ലാം എല്ലായിടത്തും ഉണ്ടാകും. നമ്മുടെ സുരക്ഷയെ കരുതിയോ അല്ലെങ്കിൽ പ്രസ്തുത മേഖലയുടെ സംരക്ഷണത്തെക്കരുതിയോ ആയിരിക്കും ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക. എന്നാൽ ജപ്പാനിലെ ഒരു കാഴ്ച ബംഗ്ലാവിൽ ഏർപ്പെടുത്തിയ നിയന്ത്രണം മേൽപറഞ്ഞതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമാണ്. ഇവിടെ ഒറ്റയ്ക്ക് വരുന്ന പുരുഷന്മാർക്കാണ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയത്.
ജപ്പാനിലെ തോചിഗി പ്രിഫെക്ചറിലുള്ള ഹീലിംഗ് പവലിയൻ എന്ന കാഴ്ബംഗ്ലാവിന്റെ ഉടമയായ മിസ മാമയാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. പുരുഷന്മാർ കുടുംബത്തോടൊപ്പമോ, കൂട്ടുകാരുടെ ഒപ്പമോ മാത്രം കാഴ്ബംഗ്ലാവിലേക്ക് വന്നാൽ മതിയെന്നാണ് മിസയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഈ ഉത്തരവ് പുറത്തറിഞ്ഞതോടെ മിസയെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്ത് എത്തുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയായിരുന്നു മിസ പുതിയ ഉത്തരവ് പുറത്തുവിട്ടത്.
കാഴ്ചബംഗ്ലാവിന്റെ ഒരു സ്ഥലത്ത് ആളുകൾക്ക് വളർത്ത് മൃഗങ്ങളുമായി വന്നിരിക്കാനുള്ള ഒരു പ്രത്യേക സ്ഥലം ഉണ്ട്. കഴിഞ്ഞ വർഷം മുതലാണ് ഈ സ്ഥലത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. നായയുൾപ്പെടെയുള്ള വളർത്ത് മൃഗങ്ങളുമായി ആളുകൾക്ക് ഇവിടെയെത്തുകയും സമയം ചിലഴിക്കുകയും ചെയ്യാം. ഇനി വളർത്തുമൃഗങ്ങൾ ഇല്ലെങ്കിലും ആരും വിഷമിക്കേണ്ട കാര്യമില്ല. കാഴ്ച ബംഗ്ലാവിലെ പന്നികളും പൂച്ചകളും ആടുകളുമെല്ലാം പരിലാളനങ്ങൾ ഏറ്റുവാങ്ങാൻ ഇവിടെ ഉണ്ടാകും.
മാർച്ചിൽ ഇത് ആരംഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇവിടേയ്ക്ക് എത്താറുള്ളത്. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. ഇവരെ ഒറ്റയ്‌ക്കെത്തുന്ന യുവാക്കൾ ശല്യപ്പെടുത്താറുണ്ട്. ഇത് ചോദ്യം ചെയ്യുമ്പോൾ ഇവർ മിസയെയും ഉപദ്രവിക്കും. ഇത്തരത്തിൽ അനിഷ്ട സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് ഒറ്റയ്ക്ക് വരുന്ന പുരുഷന്മാർക്ക് വിലക്ക് ഏർപ്പെടുത്താൻ മിസ തീരുമാനിച്ചത്.
സോഷ്യൽ മീഡിയയിൽ മിസയുടെ പോസ്റ്റ് കണ്ടതും നിരവധി പേർ കമന്റുകളുമായി എത്തി. സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു തീരുമാനത്തോട് ഉണ്ടായത്. ചിലർ മിസയെ രൂക്ഷമായി വിമർശിച്ചു. പുരുഷന്മാരോടുള്ള വിവേചനം ആണ് മിസയുടെ തീരുമാനം എന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. ഒറ്റയ്ക്ക് മൃഗങ്ങൾക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും. ഇവരോടുള്ള കടുത്ത വിവേചനം ആണ് മിസയുടെ തീരുമാനം എന്ന് ഒരുവിഭാഗം പറയുന്നു. ഇതോടെ തന്റെ നിസ്സഹായവസ്ഥ വ്യക്തമാക്കി മിസ രംഗത്ത് എത്തി.
‘ ഞാനൊരു സ്ത്രീയാണ്, ഇത്തരക്കാരെ ഒറ്റയ്ക്ക് നേരിടുന്നതിൽ പരിമിതിയുണ്ട്. എനിക്ക് കഴിയുമായിരുന്നുവെങ്കിൽ പ്രശ്‌നക്കാർക്കെതിരെ മാത്രമേ ഇത്തരം നടപടി സ്വീകരിക്കുമായിരുന്നുള്ളൂ. എന്നാൽ നിലവിൽ അതിന് കഴിയുന്ന സാഹചര്യം അല്ലെന്നും മിസ മറുപടി നൽകി. ആണുങ്ങളെല്ലാം മോശക്കാരാണെന്നതല്ല തന്റെ ഈ വിലക്കിന്റെ അർത്ഥം. മറിച്ച് സുരക്ഷ കണക്കിലെടുത്ത് ആണെന്നും മിസ കൂട്ടിച്ചേർത്തു. അതേസമയം മിസയ്ക്ക് ധാരാളം പേരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
Discussion about this post