ന്യൂഡൽഹി : ഡൽഹിയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 19 ന് നടക്കുമെന്ന് സൂചന. ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിർണായക യോഗം ഇന്ന് നടക്കും. അമേരിക്കൻ സന്ദർശനത്തിന് ശേഷം തിരിച്ചെത്തുന്ന മോദി ഇന്ന് യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകീട്ടാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കും. ഒരു പതിറ്റാണ്ട് നീണ്ട ആം ആദ്മി പാർട്ടിയുടെ ഭരണത്തെ തകർത്തെറിഞ്ഞ് അധികാരത്തിലേറിയ ബിജെപിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ച എംഎൽഎമാരിൽ നിന്നായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നും പാർട്ടി പ്രസ്താവിച്ചിട്ടുണ്ട്. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിൽ 48 എണ്ണം നേടിക്കൊണ്ടാണ് ബിജെപി ഈ തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടുള്ളത് . അന്തിമ ചുരുക്കപട്ടികയിൽ ഏഴുപേരാണ് ഉള്ളത്.
ന്യൂഡൽഹി സീറ്റിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയുടേതാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്ന്. വെസ്റ്റ് ഡൽഹിയിൽ നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു.
ഇതിനിടെ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് നേതാക്കൾ എന്നിവരുമായി പാർട്ടി ആസ്ഥാനത്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെയും സർക്കാർ രൂപീകരണത്തെയും കുറിച്ച് അവർ ചർച്ച ചെയ്തോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം പാർട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും എടുക്കേണ്ടതെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ഡലൽഹിയെ പിടിച്ചെടുത്തത്. 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയത്. ഒരു പതിറ്റാണ്ടായി നഗരം ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ നേടാൻ കഴിഞ്ഞു. അതേസമയം പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കൾ പരാജയപ്പെട്ടു .
Discussion about this post