ബംഗളൂരൂ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കൂടിക്കാഴ്ച പ്രോത്സാഹന ജനകമാണെന്നും നിരവധി പ്രധാന ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറെ പോസിറ്റീവായാണ് ഈ സന്ദർശനത്തെ കാണുന്നത് . നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്നും ശശി തരൂർ വ്യക്തമാക്കി .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ അനുകൂലമായാണ് ശശി തരൂർ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് മുന്നേറ്റം ഉണ്ടാക്കുന്ന ചർച്ചകളാണ് ഇരു നേതാക്കളും നടത്തിയിരിക്കുന്നത്. താരിഫ് ആശങ്കൾക്കിടയിലും ഇരുപക്ഷവും വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ മേഖലകളിൽ ചർച്ചയ്ക്ക് തയ്യാറായത് ശുഭ സൂചനയാണ്. അല്ലാത്തപക്ഷം വാഷിങ്ടൺ സ്വീകരിക്കുന്ന തിടുക്കപ്പെട്ട തീരുമാനങ്ങൾ ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമായിരുന്നെന്നും തരൂർ പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ ശേഷിയിൽ വിലപ്പെട്ട സമ്മാനമാണ് യുഎസ് നൽകിയിരിക്കുന്നത്. എഫ് -35 വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാനുള്ള യുഎസിന്റെ തീരുമാനം ‘വളരെ വിലപ്പെട്ടതാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇതോടെ ഇന്ത്യയിലേക്കുള്ള സൈനിക വിൽപ്പന കോടിക്കണക്കിന് ഡോളറായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദശലക്ഷം ഡോളർ വിലമതിക്കുന്ന കരാറിൽ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യയുടെ സൈനിക കരുത്ത് ഒന്ന് കൂടി വർദ്ധിക്കും. കുടിയേറ്റക്കാരെ തിരിച്ചയ്ക്കുന്ന രീതി ഒഴിച്ച് പ്രതീക്ഷിക്കാവുന്നതെല്ലാം ഞങ്ങൾക്ക് ലഭിച്ചു എന്നും തരൂർ ചൂണ്ടിക്കാട്ടി.
മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ കൈമാറുന്നതും, ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വാഗ്ദാനം ചെയ്തതും , യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാകുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാവുന്നത്. കൂടാതെ അനധികൃത കുടിയേറ്റം സംബന്ധിച്ച പ്രധാനമന്ത്രിയുടെ നിലപാടിനെ തരൂർ പിന്തുണയ്ക്കുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ തിരികെവിടുന്നതിൽ തെറ്റില്ല. നിയമവിരുദ്ധമായി മറ്റൊരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും ആ രാജ്യത്ത് ജീവിക്കാൻ യാതൊരു അവകാശവുമില്ല എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ഇതേ അഭിപ്രായം തന്നെയാണ് തനിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി. എന്നാൽ അവരെ തിരിച്ചയച്ച രീതിയിൽ മാത്രമാണ് തനിക്ക് എതിർപ്പുള്ളത് എന്നും അത് കൂടി ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ നിലപാട് തികച്ചും ശരിയായിരുന്നു എന്നും തരൂർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസിൽ വച്ച് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post