കാത്തിരിപ്പുകൾക്കും പഴിചാരലുകൾക്കും ഒടുവിൽ സുനിത വില്യംസിനും ബുഷ് വിൽമോറിനും ഭൂമിയിലേക്കുള്ള റിട്ടേൺ ടിക്കറ്റ് ലഭിച്ചിരിക്കുകയാണ്. വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇരുവരും തിരിച്ചുവരവിനായി കാത്തിരുന്നത് നീണ്ട ഒൻപത് മാസങ്ങൾ. സ്റ്റാർലൈൻ പേടകത്തിന്റെ തകരാറിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ ഇരുവരും നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. ഇതിനിടയിലും എന്നാണ് ഭൂമിയിലേക്കുള്ള മടക്കം എന്ന ചോദ്യം എല്ലാ കോണുകളിൽ നിന്നും ഉയർന്നു. തിരികെ എത്തിക്കാൻ ഉത്സാഹക്കുറവ് കാണിക്കുന്നുവെന്ന സംശയങ്ങളും ഉണ്ടായി. ഇപ്പോഴിതാ എല്ലാത്തിനും ഉത്തരമായിരിക്കുകയാണ്. അടുത്തമാസം പകുതിയോടെ അതായത് മാർച്ച് മാസത്തിൽ സുനിതയും ബുഷും തങ്ങളുടെ ജന്മഗൃഹത്തിൽ കാൽതൊടും. ഇലോൺമസ്‌കിന്റെ സ്‌പേസ് എക്‌സ് പേടകത്തിലാണ് ഇരുവരും തിരിച്ചെത്തുക. നാസ തന്നെയാണ് ഈ കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ സുനിതയുടെയും ബുഷിന്റെയും മടങ്ങിവരവിനുള്ള നീക്കങ്ങൾ നടത്താൻ ഉത്തരവിട്ടതിന്റെ പിന്നാലെയാണ് ദ്രുതഗതിയിലുള്ള ഈ തീരുമാനങ്ങൾ.
ബഹിരാകാശ യാത്രികരായ നിക് ഹേഗിനും റഷ്യൻ കോസ്‌മോനട്ടായ അക്‌സാന്ദർ ഗൊർബുനോവിനുമൊപ്പമാകും സുനിതയും ബുഷും ഭൂമിയിലെത്തുകയെന്നാണ് നാസ വ്യക്തമാക്കിയിട്ടുള്ളത്. ഇരുവരേയും പുതിയ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തിക്കാനായിരുന്നു നാസയുടെ ലക്ഷ്യം. എന്നാൽ പുതിയ പേടകത്തിൻറെ നിർമാണം പൂർത്തിയാകുന്നതിനായി കാത്തിരിക്കുന്നതിന് പകരം മുൻപ് സ്വകാര്യ ദൗത്യത്തിനായി ഉപയോഗിച്ച സ്പേസ് എക്സിൻറെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ ഉപയോഗിക്കാനാണ് നാസ ആലോചിക്കുന്നത്.
കാര്യങ്ങൾ ഇത്രത്തോളമായെങ്കിലും മടങ്ങിവരവിന് മുൻപ് ഒട്ടേറെ കാര്യങ്ങൾ സുനിതയ്ക്കും ബുഷിനും അവിടെ ചെയ്ത് തീർക്കാനും ഒരുക്കാനമുണ്ട്. എട്ട് മാസത്തിലധികമായി ഭൂമിയെ മറന്നുള്ള ജീവിതം ഇരുവരുടെയും മാനസികശാരീരിക ആരോഗ്യത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചിരിക്കുക. ഭൂമിയിലെത്തിയാൽ ഗുരുത്വാകർഷണത്തോട് പൊരുത്തപ്പെടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയാവുക. എട്ട് മാസത്തിലധികം മൈക്രോഗ്രാവിറ്റിയിൽ പാറിപ്പറന്ന് ജീവിച്ചവർക്ക് കാര്യമായ ശാരീരികമാറ്റങ്ങളാണ് ഭൂമിയിലെത്തുമ്പോൾ ഉണ്ടാവുക. മാസങ്ങളോളം ഭാരമില്ലായ്മയിൽ ജീവിച്ചതിന് ശേഷം ഗുരുത്വാകർഷണത്തെ നേരിടാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. ഗുരുത്വാകർഷണം ശരിക്കും ബുദ്ധിമുട്ടേറിയതാണ്. തിരിച്ചുവരുമ്പോൾ ശരിക്ക് ഞങ്ങൾക്ക് തോന്നുന്നത് ആ കാര്യം മാത്രമാണ്. പെൻസിൽ ഉയർത്തുന്നതുപോലും വ്യായാമമായി തോന്നുമെന്നും ബുഷ് വിൽമോർ പറയുന്നു. ഇത്കൂടാതെ റേഡിയേഷൻ എക്സ്പോഷർ, പരിമിതമായ ജീവിത സാഹചര്യങ്ങൾ, ഒറ്റപ്പെടൽ എന്നീ സാഹചര്യങ്ങളാകും ബഹിരാകാശത്ത് ഇവർ നേരിട്ടിട്ടുണ്ടാവുക. ഭൂമിയിലെത്തിയാൽ തീർത്തും അപരിചിതമായ ലോകം പോലെ ഇവർക്ക് തോന്നാതിരിക്കാൻ ആദ്യം തന്നെ നീണ്ട പരിശീലനം ആവശ്യമാണ്.
ഗുരുത്വാകർഷണ ശക്തി ഇല്ലാത്തതിനാൽത്തന്നെ ഫ്ലൂയിഡ് ശരീരത്തിന്റെ മുകൾഭാഗത്തേക്ക് മാറുകയും ഇത് മുഖത്തെ വീക്കത്തിനും കാലുകളിലും പാദത്തിലും ഫ്ലൂയിഡ് കുറയുന്നതിനും കാരണമാകും. ഫ്ലൂയിഡിലെ ഈ മാറ്റം രക്തത്തിന്റെ അളവ് കുറയുന്നതിനും രക്തസമ്മർദത്തിലെ വ്യതിയാനത്തിനും കാരണമാകും. കാലക്രമേണ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഓർത്തോസ്റ്റാറ്റിക് ഇൻടോളറൻസിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശ യാത്രികർക്ക് നിൽക്കുമ്പോൾ തലകറക്കമോ ബോധക്ഷയമോ അനുഭവപ്പെടാം. മസ്‌കുലോസ്‌കെലിറ്റൽ സിസ്റ്റത്തെയും മൈക്രോഗ്രാവിറ്റി ബാധിക്കാം. ഇത് പേശികളുടെ ക്ഷയത്തിനും എല്ലുകളുടെ സാന്ദ്രത നഷ്ടമാകുന്നതിനും കാരണമാകും. ബഹിരാകാശ യാത്രികർക്ക് മസിൽ മാസ് പെട്ടെന്ന് കുറയാം, പ്രത്യേകിച്ച് ശരീരത്തിന്റെ കീഴ്ഭാഗത്തെയും പുറകുവശത്തെയും മസിലുകളുടേത്. ഇത് ശരീരഭാരം താങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. കൂടാതെ മെക്കാനിക്കൽ ലോഡിങ് കുറയുന്നതിനാൽ എല്ലുകൾക്ക് ധാതുക്കളുടെ നഷ്ടം ഉണ്ടാകുകയും ഇത് ഭൂമിയിലെ ഒസ്റ്റിയോപൊറോസിസിന് സമാനമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ബഹിരാകാശനിലയത്തിലെ വ്യായാമങ്ങളും ഉപകരണങ്ങളും ഈ അവസ്ഥ ലഘൂകരിക്കാൻ ഉപകരിക്കുമെങ്കിലും അസ്ഥിക്ഷയം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കടുത്ത പരീക്ഷണങ്ങൾ നിലനിൽക്കേ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുൻപേ, ഇവിടം നരകതുല്യമാകാതിരിക്കാൻ പരിശീലനങ്ങൾ തകൃതിയായി നടത്തുകയാണ് സുനിതയും ബുഷും. ചെറിയ ചെറിയ വ്യായാമ മുറകൾ മാസങ്ങളായി തുടരുന്നുണ്ടെങ്കിലും ശരീരത്തിനേക്കാളേറെ മനഃശക്തിസംഭരിക്കുകയാണ് ഇരുവരും.
Discussion about this post