പുൽവാമ ദിനം… ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കാത്ത ആ സംഭവം നടന്നത് 2019 ഫെബ്രുവരി 14നായിരുന്നു. ഇന്നലെ ആ സംഭവത്തിന്റെ ആറാമത്തെ ഓർമദിനവും കടന്നുപോയി. ഇന്നും ഓരോ ഇന്ത്യക്കാരന്റെയും മനസിൽ മായാത്ത ഓർമയായി പുൽവാമയുണ്ട്… അന്ന് ഭീകരരുടെ ചാവേർ ആക്രമണത്തിൽ നഷ്ടപ്പെട്ട 40 ധീര സൈനികരുണ്ട്…
മറ്റൊരു പുൽവാമ ദിനം കൂടി കടന്നുപോവുമ്പോൾ കെൽവിൻ പീറ്റർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ദേയമാകുന്നത്. നമ്മുടെ ധീരസൈനികർ വീരമൃത്യു വരിച്ച പുൽവാമയുടെ മണ്ണിലെത്തിയതിന്റെ മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയായിരുന്നു കെൽവിൻ പീറ്റർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇതാണ് ആ മണ്ണ് ……..പുൽവാമയിൽ നമ്മുടെ ധീര ജവാന്മാർ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ആ മണ്ണ്.
ശ്രീനഗറിലേക്കുള്ള യാത്രയിൽ കാറിന്റെ ഡ്രൈവറായ ഇമ്രാൻ മുഹമ്മദ് എന്ന കാശ്മീരി യുവാവിനോട് ഞങ്ങൾ ചോദിച്ചതെല്ലാം രാഷ്ട്രീയവും തീവ്രവാദവും ആർട്ടിക്കിൾ 370 എടുത്തു മാറ്റിയതിനുശേഷമുള്ള കാശ്മീരിലെ മാറ്റങ്ങളെക്കുറിച്ചും എല്ലാമായിരുന്നു……. തീവ്രവാദികളുടെ തേർവാഴ്ച കാലത്ത് താനും തന്റെ കുടുംബവും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആർട്ടിക്കിൾ 370എടുത്തു ദൂരെ എറിഞ്ഞ് കാശ്മീരിനെ കേന്ദ്രസർക്കാർ തിരിച്ചുകൊണ്ടുവന്നപ്പോൾ കാശ്മീരിന് ഉണ്ടായ മാറ്റത്തെക്കുറിച്ചും തന്റെയും കുടുംബത്തിന്റെയും ജീവിതം മെച്ചപ്പെട്ടതിനെക്കുറിച്ചും സന്തോഷത്തോടെ അയാൾ ഞങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ സ്വഭാവമെന്തെന്ന് അയാൾ മനസ്സിലാക്കിയത് കൊണ്ടായിരിക്കാം പുൽവാമ അടുത്തപ്പോൾ ആ സ്ഥലം അടുത്തുവരുന്നു എന്ന് അയാൾ.ഞങ്ങളോട് പറഞ്ഞു ……… നമ്മുടെ ധീര ജവാന്മാരുമായി ആ ട്രക്ക് പൊട്ടിത്തെറിച്ച ആ പോയിന്റിൽ കാർ നിർത്തുവാൻ ഞങ്ങൾ ഇമ്രാനോട് ആവശ്യപ്പെട്ടു.
ഞാനും ഡിക്‌സണും കാറിൽ നിന്നിറങ്ങി , നമ്മുടെ ജവാന്മാർ ചിതറി തെറിച്ച ആ ഭാഗത്ത് കരിയും ഓയിലും എല്ലാം കൂടെ മണ്ണിന് ആകെ നിറവ്യത്യാസം ഉണ്ടായിരുന്നതൊഴിച്ചാൽ സ്‌ഫോടനത്തിന്റെതായ ഒരു അവശിഷ്ടങ്ങളും അവിടെ ഉണ്ടായിരുന്നില്ല.
ഞങ്ങൾ ആ മണ്ണിൽ വിരലുകൾ തൊട്ടു നെറുകയിൽ വെച്ചു……..കാറിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ കാലിൽ നിന്നും ഒരു പെരുപ്പോ ശരീരത്തിന് ഒരു വിറയലയോ എന്തോ ഒക്കെ അവിടെ നിന്നപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടു.
ആ ധീര ജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് അല്പനേരം മൗനമായി പ്രാർത്ഥിച്ച ശേഷം ഞങ്ങൾ കാറിൽ തിരികെ കയറി. അല്പം മുന്നോട്ടു നീങ്ങിയപ്പോൾ കുറ്റിക്കാടുകളുടെ ഇടയിലെ ഗ്രാമ വഴി പോലുള്ള ഒരു ഭാഗത്തുനിന്നും സ്‌ഫോടക വസ്തുക്കളുമായി ആ തീവ്രവാദിയുടെ ട്രക്ക് ഹൈവേയിലേക്ക് കയറി വന്ന ഭാഗവും ഇമ്രാൻ കാർ നിർത്തി കാട്ടിത്തന്നു
കുറച്ചുനേരത്തേക്ക് ഞങ്ങൾ എല്ലാവരും നിശബ്ദരായിരുന്നു ……..അപ്പോഴും ശരീരത്തിന്റെ ആ വിറയൽ പൂർണ്ണമായി വിട്ടു മാറിയിരുന്നില്ല.
കാർ വീണ്ടും ശ്രീനഗറിലേക്ക് പാഞ്ഞു………
Discussion about this post