നിർബന്ധിത മതപരിവർത്തനത്തിനും ലൗജിഹാദിനുമെതിരെ ചൂരലെടുക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കാൻ ഡിജിപി അദ്ധ്യക്ഷനായി ഏഴംഗ കമ്മറ്റി രൂപീകരിച്ചു. ഡി.ജി.പി സഞ്ജയ് വർമ്മ അദ്ധ്യക്ഷനായ സമിതിയിൽ ആഭ്യന്തരം, നിയമം, നീതി, സാമൂഹിക നീതി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങളാണുള്ളത്.
‘ലൗ ജിഹാദും വഞ്ചാനപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകളും ചില പൗരൻമാരും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ലൗ ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനവും തടയുന്നതിന് നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതനുസരിച്ച് മഹാരാഷ്ട്രയിൽ നിലവിലുള്ള സാഹചര്യം പഠിക്കുകയും ലൗ ജിഹാദും നിർബന്ധിത മതപരിവർത്തനങ്ങളും സംബന്ധിച്ച് ലഭിച്ച പരാതികളിൽ നടപടികൾ നിർദേശിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ നിയമം പഠിക്കാനും കരട് തയ്യാറാക്കാനും ഒരു പ്രത്യേക സമിതി വേണമെന്നത് സർക്കാരിന്റെ പരിഗണനയിലുള്ള കാര്യമായിരുന്നു. അതനുസരിച്ച് ഡി.ജി.പിയുടെ അദ്ധ്യക്ഷതയിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നുവെന്ന് ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഹേമന്ത് മഹാജൻ ഒപ്പുവച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ ‘ലവ് ജിഹാദിനെതിരെ’ ഒരു നിയമം കൊണ്ടുവരണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഇതിന് മുൻപും ആവശ്യപ്പെട്ടിരുന്നു. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് ഒരു ലക്ഷത്തിലധികം പരാതികൾ ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹബന്ധത്തിലേക്കും തുടർന്ന് മതപരിവർത്തനത്തിലേക്കും എത്തിക്കുന്ന മനഃപൂർവമായ ‘ലവ് ജിഹാദ്’ ഗൂഢാലോചനയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ലൗജിഹാദ് തുടച്ചുനീക്കുമെന്ന അദ്ദേഹത്തിന്റെ ഉറച്ചതീരുമാനത്തിന്റെ ബാക്കിപത്രമാണ് ഈ നിയമനിർമ്മാണത്തിലേക്കുള്ള ആദ്യ ചുവടുകൾ.
അതേസമയം നിർബന്ധിത മതപരിവർത്തനം നടക്കില്ലെന്നും ‘ലവ് ജിഹാദ്’ ഒരു മിഥ്യയാണെന്നും കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ് വാദിച്ചു. ‘ജനാധിപത്യം എല്ലാവർക്കും ഏത് മതവും പിന്തുടരാൻ അനുവദിക്കുന്നു. നമ്മുടെ രാജ്യം മതേതരമാണ്, പക്ഷേ ചിലർ നമ്മുടെ സംസ്‌കാരത്തിന്റെ ഘടനയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. എത്ര ലവ് ജിഹാദ് കേസുകൾ അവർ യഥാർത്ഥത്തിൽ കണ്ടിട്ടുണ്ടെന്ന് അവർ കാണിക്കട്ടെ. ഈ ആളുകൾ ഹിറ്റ്ലറുടെ സംസ്‌കാരം നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.
Discussion about this post