നമ്മുടെ രാജ്യത്ത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഗുരുതര കുറ്റകൃത്യമാണ്. എന്നാൽ നിരോധനം നിലനിൽക്കേ തന്നെ മകൾക്ക് കുടുംബം നൽകുന്ന സമ്മാനമായും അറിഞ്ഞുനൽകുന്ന സ്വത്ത് ആയുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനം ചോദിക്കുകയും അതിലേറെ കൊടുക്കുകയും ചെയ്യുന്നു. എത്ര വിദ്യാഭ്യാസം നേടിയാലും സ്ത്രീധനത്തിന്റെ തൂക്കം നോക്കി വിലയിടുന്ന പതിവിന് മാറ്റം വന്നിട്ടേയില്ല. സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഉള്ള ഗാർഹികപീഡനം കാരണം ആത്മഹത്യ ചെയ്യേണ്ടി വരുന്ന എത്രയോ പെൺജീവിതങ്ങൾ. പുരോഗമനം നേടിയെന്ന് പറഞ്ഞാലും സ്ത്രീധനത്തിന്റെ കാര്യം വരുമ്പോൾ അറുപഴഞ്ചൻ ചിന്താഗതിയാണ് പുതിയതലമുറയ്ക്കും. സ്ത്രീധനത്തിന്റെ പേരിൽ കണ്ണീരുകുടിച്ച,തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒട്ടേറെ അനുഭവകഥകൾ മുന്നിലുണ്ടായിട്ടും ഉള്ളത് വിറ്റുപെറുക്കി മകളെ നന്നായി കെട്ടിച്ചയക്കാൻ അച്ഛനമ്മമാർ പാടുപെടുന്നു. സ്ത്രീധനം വാങ്ങി പോക്കറ്റിലാക്കാൻ വരന്റെ കുടുംബവും.
സ്ത്രീധനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരുവാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയം. ഇവിടെയും ചോദിച്ച അത്ര അളവിൽ സ്ത്രീധനം കൊടുക്കാത്തതാണ് പ്രശ്‌നമായത്. ഉത്തർപ്രദേശിലാണ് സംഭവം. അധികമായി ചോദിച്ച സ്ത്രീധനം പെൺവീട്ടുകാർ നൽകാൻ താത്പര്യം കാണിക്കാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ യുവതിയുടെ ശരീരത്തിൽ എച്ച്‌ഐവി വൈറസ് കുത്തിവച്ചെന്നാണ് പരാതി.യുവതിയുടെ പിതാവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് യുപി ഹരിദ്വാറിൽ നിന്നുള്ള നാതിറാം സൈനിയെന്നയാളുടെ മകൻ സച്ചിൻ എന്നുവിളിക്കുന്ന അഭിഷേകിന് തന്റെ മകൾ സോണാൽ സൈനിയെ വിവാഹം കഴിച്ച് നൽകിയതെന്ന് പരാതിയിൽ യുവതിയുടെ പിതാവ് പറയുന്നു.
വിവാഹത്തിന് സ്ത്രീധനമായി ഒരു കാറും പതിനഞ്ച് ലക്ഷവുമാണ് സോണാലിന്റെ പിതാവ് വരന്റെ കുടുംബത്തിന് നൽകിയത്. പക്ഷേ ഇതുകൊണ്ട് തൃപ്തിപ്പെടാൻ അഭിഷേകിന്റെ കുടുംബത്തിന് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടതോടെ സ്‌കോർപിയോ എസ്യുവി ഒപ്പം 25 ലക്ഷവും നൽകണമെന്നായി ആവശ്യം. എന്നാൽ ഇത് നൽകാൻ യുവതിയുടെ വീട്ടുകാർ തയ്യാറായില്ല. ഇതോടെ യുവതിയെ ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറക്കിവിട്ടു.തുടർന്ന് ഗ്രാമപഞ്ചായത്ത് ഇടപെട്ട് യുവതിയെ തിരികെ ഭർത്താവിന്റെ വീട്ടിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇതിന് ശേഷം യുവതിയ്ക്ക് മാനസിക പീഡനത്തിനൊപ്പം ശാരീരിക പീഡനവും ഇതേത്തുടർന്ന് അനുഭവിക്കേണ്ടിവന്നു. പലപ്പോഴും അകാരണമായി തല്ലാറുണ്ടായിരുന്നു. ഇതിനിടെയാണ് എച്ച്‌ഐവി അടങ്ങിയ സിറിഞ്ചുകൊണ്ട് കുത്തിവച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
അടുത്തിടെ യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് എച്ച്‌ഐവി ബാധിതയാണെന്ന് അറിഞ്ഞത്. ഭർത്താവിനെ പരിശോധിച്ചെങ്കിലും അയാൾ നെഗറ്റീവായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെത്തുടർന്ന് യുവതിയുടെ ഭർത്താവ്, അയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവം ചർച്ചയാതോടെ സ്ത്രീധനം നൽകുന്ന രീതിയെ കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹം’, ‘സ്ത്രീയാണ് ധനം’ എന്നൊക്കെ വീമ്പുപറയുമ്പോഴും ഈ സ്ത്രീധനം എന്ന ഏർപ്പാടിൽ എന്ത് മാറ്റമാണ് വന്നതെന്ന് ചോദിക്കുകയാണ് ആളുകൾ. വാങ്ങുന്നതും കൊടുക്കുന്നതുമായ തുകയിലും ‘സമ്മാനങ്ങളിലും’ കൂടുതലെന്തെങ്കിലും ഉണ്ടായി എന്നതുമാത്രമാണ് ഏറ്റവും വലിയ മാറ്റം. സ്ത്രീധനം എന്ന പേര് മാറ്റി വിവാഹസമ്മാനമെന്നാക്കിയാണ് പുതുതലമുറ ആളുകളിക്കുന്നത്. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിൽ പ്രതിദിനം 18 ലേറെ സ്ത്രീകളാണേ്രത സ്ത്രീധനത്തിന്റെ പേരിൽ മാത്രം കൊല്ലപ്പെടുന്നത്. 2010-2021 വരെയുള്ള കണക്കെടുത്താൽ മാത്രം കേരളത്തിൽ 1096 സ്ത്രീധന പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുറംലോകം അറിയാതെ നാല് ചുവരുകളിൽ ഒതുങ്ങിപ്പോയ നിലവിളികൾ അതിലുമേറെ.
Discussion about this post