ന്യൂയോർക്ക്: എല്ലാ കാലത്തും വളരെ വൈകാരികമായി കണക്കാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് വിവാഹ മോചനം. ഇന്ന് ലോകമെമ്പാടും വിവാഹമോചിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഒന്നിച്ച് പോകാൻ കഴിയില്ലെങ്കിൽ വേർപിരിയുക എന്ന ധീരമായ തീരുമാനം എടുക്കാൻ ഇന്ന് സത്രീയ്ക്കും പുരുഷനും ഒരുപോലെ സാദ്ധ്യമാകുന്നതാണ് ഇതിന് കാരണം.
വിവാഹ ബന്ധത്തിലെ ഉലച്ചിലിന് പലഘടകങ്ങളും കാരണം ആകാം. പരസ്പരമുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന് കാരണം ആണ്. ഏതൊരു ബന്ധത്തിനും ശക്തിലഭിക്കുന്നത് പരസ്പരം മനസിലാക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ സ്ത്രീയും പുരുഷനും പരസ്പരം മനസിലാക്കിയ ശേഷം മാത്രമേ വിവാഹത്തിലേക്ക് കടക്കാവൂ.
വിവാഹ മോചനം ഒരു നല്ലകാര്യമായി ആരും കണക്കാക്കാറില്ല. അതുകൊണ്ട് തന്നെ വിവാഹ മോചനം പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. അതേസമയം തന്നെ വിവാഹ മോചിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവും ഉണ്ട്. ഇതിനൊരു പരിഹാരം കാണുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനം. ഒരു ബന്ധം ഭാവിയിൽ വിവാഹ മോചനത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടോയെന്ന് എങ്ങനെ മനസിലാക്കാമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
ഹീബ്രു യൂണിവേഴ്സിറ്റിയിലെ സരി മെന്റ്സെർ, ലിലാച്ച് സാഗിവ് എന്നിവർ ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്. കമ്യൂണിക്കേഷൻ സൈക്കോളജിയിലാണ് ഇവർ ഈ പഠനം പങ്കുവച്ചത്. ആളുകളുടെ മൂല്യങ്ങളും വിവാഹ മോചനവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഈ പഠനത്തിൽ വ്യക്തമാക്കുന്നത്.
ആളുകൾ തമ്മിലുള്ള സാംസ്‌കാരിക, വ്യക്തിഗത മൂല്യങ്ങൾ എന്നിവ വിവാഹ മോചനത്തെ സ്വാധീനിക്കും എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. വിവാഹ മോചനം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പരിഹാരമെന്നോണമാണ് പഠനത്തിലേക്ക് കടന്നത് എന്ന് ഗവേഷകരായ സാരിയും സാഗിവും പറയുന്നു. സാംസ്‌കാരിക മൂല്യങ്ങൾ വിവാഹ മോചനത്തിലെ അന്തർദേശീയ വ്യതിയാനങ്ങളെ എങ്ങനെ വിശദീകരിക്കുന്നുവെന്നും, വ്യക്തിഗത മൂല്യങ്ങൾ രാജ്യത്തിനുള്ളിലെ വ്യതിയാനങ്ങളെ എങ്ങനെ വിശദീകരിക്കുന്നുവെന്നുമാണ് പഠിച്ചത്. ഇതിന് പുറമേ ഈ രണ്ട് മൂല്യങ്ങളും പരസ്പരം എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നും പഠനത്തിലൂടെ ശ്രമിച്ചുവെന്നും ഇവർ വ്യക്തമാക്കുന്നു.
ഒരു ലക്ഷം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇവരുടെ പഠനം. 55 രാജ്യങ്ങളിലെ ആളുകൾ പഠനത്തിൽ പങ്കാളികളായി. വ്യക്തിഗത മൂല്യങ്ങളാണ് വിവാഹമോചനത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് എന്നും പഠനം പറഞ്ഞുവയ്ക്കുന്നു.
Discussion about this post