കാലത്തിനതീതമാണ് പ്രണയമെന്ന് പലരും പറയാറുണ്ട്… പല കാലങ്ങളിലായി ഇത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.. ഇന്നത്തെ കാലത്ത് യഥാർത്ഥ പ്രണയങ്ങൾ കാണുക വിരളമാണെങ്കിലും വിവാഹ മോചന അപേക്ഷകൾ കോടതികളിൽ കെട്ടി കിടക്കുകയാണെങ്കിലും അങ്ങനെയുള്ളവർക്കെല്ലാം കണ്ടു പഠിക്കേണ്ട ഒരു ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്…
ബ്രസീലിയൻ ദമ്പതികളായ മനോയലും മരിയയും 84 വർഷം ഒരുമിച്ച് ജീവിച്ച് റെക്കോർഡ് തീർത്തിരിക്കുകയാണ്. 100ലധികം പേരക്കുട്ടികളും സന്തുഷ്ടമായ കുടുംബവുമായി ഇന്നും തങ്ങളുടെ പ്രണയകാലം ആഘോഷിക്കുകയാണ് ഇരുവരും.
1940-ൽ ബ്രസീലിലെ സിയറയിലുള്ള ബോവ വെഞ്ചുറയിലെ ചാപ്പലിൽ വച്ചാണ് മനോയലും മരിയയും പരസ്പരം ഒന്നിച്ച് ജീവിക്കാനുള്ള വിവാഹ പ്രതിജ്ഞകൾ കൈമാറിയത്. അന്ന് ആ ലോകം വളരെ ചെറുതായിരുന്നു… ബ്രസീൽ അതുവരെ ഒരു ഫിഫ ലോകകപ്പ് പോലും നേടിയിരുന്നില്ല, ആദ്യത്തെ പ്രോഗ്രാമബിൾ ഇലക്ട്രോണിക് കമ്പ്യൂട്ടർ കണ്ടുപിടിച്ചിട്ടു പോലുമില്ല… അത്രയേറെ വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും ഒന്നിച്ച് ജീവിച്ചു തുടങ്ങിയത്.
1936ൽ, പരമ്പരാഗത ബ്രസീലിയൻ കാൻഡിയായ റാപാഡുറസ് ശേഖരിക്കാൻ ബോവ വിയാഗെമിലെ അൽമേഡ മേഖലയിലേക്ക് മനോയൽ പോയിരുന്നു. അവിടെവച്ചാണ് ഇരുവരുടെയും സിനിമയെ വെല്ലുന്ന കഥയാരംഭിക്കുന്നത്. അവിടെ വച്ചാണ് മനോയൽ ആദ്യമായി മരിയയെ കണ്ടത്. എന്നാൽ, അന്ന് അവർ തമ്മിൽ പ്രണയബന്ധം എന്നതിനെ കുറിച്ച് ചിന്തിച്ചുപോലും കാണില്ല. എന്നാൽ, മൂന്ന് വർഷങ്ങൾക്കിപ്പുറം, 1940-ൽ യാദൃശ്ചികമായ അവരുടെ കൂടിക്കാഴ്ച അപൂർവമായ ഒരു പ്രണയബന്ധത്തിന് തുടക്കമാവുകയായിരുന്നു. താൻ തേടിയെത്തിയ ആ കാൻഡി മരിയ തന്നെയാണെന്ന് ബോധ്യപ്പെട്ട മനോയൽ അവളോടുള്ള തന്റെ സ്‌നേഹം തുറന്നു പറഞ്ഞു. മരിയ അത് സ്വീകരിച്ചതോടെ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ബന്ധത്തിന് അവിടെ തുടക്കമാവുകയായിരുന്നു.
ഇരുവരുടെയും ബന്ധം അംഗീകരിക്കാൻ മരിയയുടെ അമ്മ ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇത് മനോയലിനെ ജീവിതത്തിൽ എന്തെങ്കിലും നേടണമന്ന വാശിയിലേക്കെത്തിച്ചു. തങ്ങൾക്കായി ഒരു സ്വന്തമായി ഒരു വീട് പണിയാൻ മനോയൽ ആരംഭിച്ചു. ഇരു കുടുംബങ്ങളുടെയും സമ്മതം ലഭിച്ചതോടെ, രണ്ട് പേരും ഒന്നിച്ച് ജീവിതം ആരംഭിച്ചു.
പതിറ്റാണ്ടുകളായി, കൃഷിയാണ് ആ കുടുംബത്തിന്റെ ഉപജീവനമാർഗം. 13 മക്കൾ അവർക്ക് ജനിച്ചു. അവർക്ക് ജനിച്ച കുട്ടികളും പേരക്കുട്ടികൾക്ക് ജനിച്ച കുട്ടികളുമൊക്കെയായി 100ലധികം പേരക്കുട്ടികളാണ് മനോയലിനും മരിയയ്ക്കുമുള്ളത്.
വിവാഹം കഴിഞ്ഞ് 86 വർഷങ്ങൾ കഴിയുമ്പോൾ, ഇരുവരും സ്വന്തം കുടുംബത്തോടൊപ്പം സമാധാനപൂർവവും സന്തോഷകരവുമായ ജീവിതം നയിക്കുകയാണ്. എല്ലാ വൈകുന്നേരവും, ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന കുർബാന കാണുന്നതിന് മുമ്പ് റേഡിയോയിൽ ജപമാല പ്രാർത്ഥന കേൾക്കാൻ മരിയയും മനോയലും ഒരുമിച്ച് ഇരിക്കും. ശാശ്വതമായ ദാമ്പത്യത്തിന്റെ താക്കോൽ എന്താണെന്ന് അവരോട് ചോദിച്ചാൽ, ശാന്തവും മനോഹരവുമാണ് ഇരുവരുടെയും ഉത്തരം. ‘സ്‌നേഹം… ഏറ്റവും നൂതനമായ കമ്പ്യൂട്ടറിനുപോലും ഒരിക്കലും കണക്കാക്കാൻ കഴിയാത്ത ഒന്നാണിത്’- എന്നാണ് മനോയലിനും മരിയയ്ക്കും സ്‌നേഹത്തെ കുറിച്ച് പറയാനുള്ളത്.
Leave a Comment