തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈയ്ല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മണി പങ്കെടുത്ത മദ്യസല്‍ക്കാരത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു, മരണത്തില്‍ ഏതെങ്കിലും തരത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് അഴിക്കാനുള്ള നീക്കത്തിലാണ് കേസ് അന്വേഷിക്കുന്ന ചാലക്കുടി പോലിസ്.
മണിയും കൂട്ടരും എവിടെ നിന്നാണ് മദ്യം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. നടന്‍ ജാഫര്‍ ഇടുക്കി
അടക്കമുള്ളവരാണ് മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കാര്‍ക്കും എന്തെങ്കിലും ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെങ്കിലും ദുരൂഹത നീക്കാനായി പോലിസ് ഇവരില്‍ നിന്ന് മൊഴിയെടുത്തു.
മണിയും സുഹൃത്തുക്കളും ചേര്‍ന്നാണ് വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ മദ്യസത്ക്കാരത്തില്‍ പങ്കെടുത്തത്. മദ്യം കഴിച്ച് മറ്റ് ആര്‍ക്കും യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടായില്ല. ഇതോടെ ഇവരുടെ ശരീരത്തില്‍ മിഥൈയ്ല്‍ ആല്‍ക്കഹോളിന്റെ അംശം കടന്നിട്ടില്ല എന്നാണ് നിഗമനം. അങ്ങനെ എങ്കില്‍ മണിയുടെ ശരീരത്തില്‍ എങ്ങനെ മിഥൈയ്ല്‍ ആല്‍ക്കഹോള്‍ എത്തിയെന്നതാണ് കണ്ടെത്തേണ്ടത്. മദ്യസല്‍ക്കാരം നടന്ന ഔട്ട് ഹൗസ് പൊലീസും എക്‌സൈസും പരിശോധിച്ച് സീല്‍ ചെയ്തിരിക്കുകയാണ്.
മണി ആത്മഹത്യ ചെയ്യാന്‍തക്ക യാതൊരു കാരണവും ഇല്ലെന്നാണ് പൊലീസ് കരുതുന്നത്. വീട്ടുകാര്‍ അത് തറപ്പിച്ചു പറയുകയും ചെയ്യുന്നു. ഔട്ട് ഹൗസ് ജീവനക്കാരനായ മുരുകനെ പൊലീസ് ചോദ്യം ചെയ്തു.
മണിയുടെ ശരീരത്തില്‍ മീഥേല്‍ ആള്‍ക്കഹോള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള കൂടുതല്‍ വിശദീകരണവും പോലിസ് തേടും. മണി ആശുപത്രിയില്‍ പ്രവേശിച്ച് രണ്ട് ദിവസങ്ങളായിട്ടും ഇക്കാര്യം പോലിസിന് അറിയിക്കാതിരുന്ന നടപടിയും സംശയം ഉണ്ടാക്കുന്നുണ്ട്.
Discussion about this post