ന്യൂഡൽഹി; ഡൽഹി സർക്കാറിൻറെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി ആഘോഷിക്കാൻ തയ്യാറെടുത്ത് ബിജെപി. ഫെബ്രുവരി 20 ന് രാംലീല മൈതാനിയിൽ ആണ് ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ തീയ്യതിയും സമയവും തീരുമാനിച്ചെങ്കിലും പുതിയ മുഖ്യമന്ത്രി ആരാണെന്നത് വളരെ സർപ്രൈസായിട്ടായിരിക്കും ബിജെപി അവതരിപ്പിക്കുക.
ഫെബ്രുവരി 19 രാത്രി മുതൽ രാംലീല മൈതാനത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിടുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, 50 ലധികം ഉന്നത സുരക്ഷാ നേതാക്കളും രാംലീല മൈതാനിയിൽ എത്തും. 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. എല്ലാ കേന്ദ്രമന്ത്രിമാരെയും എൻഡിഎ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. . വിവിഐപി വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ്, രാംലീല മൈതാനത്തിലെ വേദിയിൽ വർണ്ണാഭമായ സംഗീത പരിപാടി ഉണ്ടായിരിക്കും, കൈലാഷ് ഖേർ ആയിരിക്കും സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, വിവേക് ഒബ്‌റോയ്, ഹേമ മാലിനി എന്നിവരുൾപ്പെടെ 50-ലധികം സിനിമാ താരങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കും.
മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിനെത്തുമെന്നാണ് സൂചന. ബാബ രാംദേവ്, സ്വാമി ചിദാനന്ദ, ബാബ ബാഗേശ്വർ ധീരേന്ദ്ര ശാസ്ത്രി എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള കർഷകരുൾപ്പെടെയുള്ള ബിജെപി അനുഭാവികളും ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 20 ന് വൈകുന്നേരം 4.30 ന് ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് . ഇതിനായി രാംലീല മൈതാനിയിൽ മൂന്ന് സ്റ്റേജുകളാണ് നിർമ്മിക്കുന്നത്. ഏറ്റവും വലിയ സ്റ്റേജ് 40×24 ആയിരിക്കും. 34×40 ന്റെ മറ്റ് രണ്ട് സ്റ്റേജുകളും ഉണ്ടാവും. വേദിയിൽ ഏകദേശം 100 മുതൽ 150 വരെ കസേരകൾ നിരത്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇരിക്കാൻ ഏകദേശം 30,000 കസേരകൾ വേദിയുടെ മുന്നിലും ഉണ്ടാകും.
സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താനായി ബിജെപി നേതാക്കളായ വിനോദ് തവ്‌ഡെ, തരുൺ ചുഗ്, വീരേന്ദ്ര സച്ച്‌ദേവ് എന്നിവർക്കാണ് ചുമതല. 70 സീറ്റുകളുള്ള ഡൽഹി നിയമസഭയിൽ 48 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി അധികാരത്തിൽ കയറുന്നത്.
Discussion about this post