ന്യൂയോർക്ക്: ഭൂമിയ്ക്ക് വലിയ ഭീഷണി ഉയർത്തിയേക്കുമെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്ന ഛിന്നഗ്രഹമാണ് 2024 വൈആർ4 എന്ന ചിന്നഗ്രഹം. 2032 ഡിസംബർ 22 ന് ഇത് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഈ ഛിന്നഗ്രഹത്തിന്റെ അപകട സാധ്യത കണക്കിലെടുത്ത്, ‘സിറ്റി-കില്ലർ’ എന്നാണ് ശാസ്ത്രജ്ഞർ ഇതിന് വിശേഷണം നൽകിയിരിക്കുന്നത്.
ഭൂമിയിൽ 2024 വൈആർ4 ഛിന്നഗ്രഹത്തിൻറെ കൂട്ടിയിടി സംഭവിച്ചാൽ ഹിരോഷിമയിൽ പതിച്ച അണുബോംബിൻറെ 100 മടങ്ങ് പ്രഹരശേഷിയുണ്ടാകും എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. അതിനാലാണ് 2024 വൈആർ4 ഛിന്നഗ്രഹം ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ ഭീകരനായി മാറിയത്.
ഇപ്പോഴിതാ സിറ്റി കില്ലറുടെ ഏറ്റവും പുതിയ ദൃശ്യങ്ങൾ ചിലിയിലെ ജെമിനി സൗത്ത് ടെലസ്‌കോപ്പിലൂടെ പകർത്തിയിരിക്കുകയാണ് നാസ. ഒരു ഭീമൻ കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന് 131 മുതൽ 295 അടി വരെ വീതിയാണുള്ളത്. പുതിയ ചിത്രങ്ങൾ വൈആർ4 നെ കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്ച്ച നൽകുന്നു. ഭൂമിയുമായി വലിയ കൂട്ടിയിടിക്ക് സാധ്യതയുള്ള സിറ്റി കില്ലറിനെ ശാസ്ത്രജ്ഞർ സൂഷ്മമായി നിരീഷിച്ചു വരികയാണ്.
ടെലസ്‌കോപ്പിലൂടെ നിരീക്ഷിക്കുന്ന സമയത്ത് ഭൂമിയിൽ നിന്നും ഏകദേശം, 59 ദശലക്ഷം അകലെയായിരുന്നു ഈ ഛിന്നഗ്രഹമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വളരെ മങ്ങിയതായതിനാൽ തന്നെ ഏറ്റവും വലിയ ജെമിനി സൗത്ത് ടെലസ്‌കോപ്പ് തന്നെ വൈആർ4 ന്റെ ദൃശ്യങ്ങൾ പകർത്താൻ ആവശ്യമായി വന്നു. ഇതോടൊപ്പം ചന്ദ്രൻ അതിന്റെ 70 ശതമാനം പ്രകാശത്തിലായിരുന്നതും ദൃശ്യങ്ങൾ പകർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി മാറ്റി. മിനിറ്റിൽ 0.26 ആർക്ക് സെക്കന്റ് വേഗത്തിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ചിത്രം പകർത്താൻ ശ്രദ്ദാപൂർവമുള്ള നിരീക്ഷണം തന്നെ വേണ്ടി വന്നിരുന്നതായും ചിത്രം നാസ ശാസ്ത്രജ്ഞനായ ബ്രൈസ് ബോളിൻ പറയുന്നു.
വൈആർ4 നൽകുന്ന ശാസ്ത്രീയ അവസരങ്ങളിലും ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വൈആർ4 അത്യധികം ആവേശമുണർത്തുന്നതാണെന്ന് ബോളിൻ പറയുന്നു. ഇത്രയും ചെറിയ ഛിന്നഗ്രഹത്തെ അത്രമാത്രം വിശദമായ പഠിക്കുക എന്ന അവസരമാണ് വൈആർ4 നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാസയുടെ ജെയിംസ് വെബ്ബ് സ്‌പേയ്‌സ് ടെലസ്‌കോപ്പും വൈആർ 4നെ നിരീക്ഷിക്കാൻ സജ്ജമാക്കിക്കഴിഞ്ഞു. അടുത്ത മാസം ആദ്യത്തോടെ തന്നെ ഈ ടെലസ്‌കോപ്പും വിവരശേഖരണം ആരംഭിക്കും. വൈർ4ന്റെ ശരിയായ വലിപ്പം മനസിലാക്കാനും ഭൂമിയുമായി കൂട്ടിയിടിച്ചാൽ അത് എത്രമാത്രം അപകടമുണ്ടാക്കുമെന്ന് വിലയിരുത്താനും
വെബ്ബ് ടെലസ്‌കോപ്പ് അതിന്റെ അത്യാധുനിക ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
വൈആർ4 ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ 5.7 കിലോമീറ്റർ പ്രദേശം പൂർണമായും ഇല്ലാതാകും. 19 കിലോമീറ്റർ ദൂരെ വരെ നാശനഷ്ടങ്ങളുണ്ടാകാം. ചെറിയൊരു നഗരം തരിപ്പണമാക്കാൻ ഈയൊരു ഛിന്നഗ്രഹത്തിന് സാധിക്കുമെന്ന് ചുരുക്കം. ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചാൽ അവ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പറയുന്ന അളവ് ടൊറിനോ സ്‌കെയിൽ (ടൊറിനോ സ്‌കെയിൽ) ആണ്. ഇതിൻപ്രകാരം, ഭൂമിക്കു നേരെ വരുന്നു എന്ന് തിരിച്ചറിയപ്പെട്ട ഛിന്നഗ്രഹങ്ങളിൽ ഭൂമിയിൽ പതിക്കാൻ 1 ശതമാനത്തിലേറെ സാധ്യത കൽപ്പിക്കുന്നത് ഇതിനു മാത്രമാണ്.
ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാൻ ഇപ്പോഴും നേരിയ സാധ്യതയെ ഉള്ളു എങ്കിലും, അതിന്റെ ഭീഷണി ഇന്ത്യ, പാകിസ്താൻ ബംഗ്ലാദേശ്, സുഡാൻ, നൈജീരിയ, വെനിസ്വേല, കൊളംബിയ, ഇക്വഡോർ എന്നീ രാജ്യങ്ങൾ അടങ്ങുന്ന മേഖലവരെ വ്യാപിച്ചിരിക്കുകയാണ് . ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് പ്രദേശങ്ങളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. റിസ്‌ക് കോറിഡോർ എന്നാണ് ശാസ്ത്രജ്ഞർ ഈ സ്ഥലങ്ങളെ വിശേഷിപ്പിക്കുന്നത്.
Discussion about this post