അഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തിലെ കൊടും ചൂടും ഗുജറാത്തിന്റെ ബൗളിംഗ് മികവും ബാറ്റിംഗ് അച്ചടക്കം കൊണ്ട് മറികടന്ന് കേരളം. ശ്രദ്ധയും സമർപ്പണവും തികഞ്ഞ ഇന്നിംഗ്സുകളുമായി മുൻ നിരബാറ്റർമാർ കളം പിടിച്ചപ്പോൾ രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ 7 വിക്കറ്റിന് 418 റൺസ് എന്ന നിലയിലാണ് കേരളം. ആദ്യം ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ച് പിന്നീട് ബൗളർമാരെ പിന്തുണയ്ക്കുമെന്നതിനാൽ കേരളത്തിന്റെ ഫൈനൽ സാദ്ധ്യത ശക്തമാവുകയാണ്.
ആദ്യ ദിവസത്തെ 4 ന് 206 എന്ന സ്കോറുമായി ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ആ സ്കോറിൽ തന്നെ ക്യാപ്ടൻ സച്ചിൻ ബേബിയെ നഷ്ടമായി. 69 റൺസുമായി പുറത്താകാതെ നിന്ന സച്ചിന് രണ്ടാം ദിവസം ഒരു റൺ പോലും കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല. കേരളം 5 ന് 206. പിന്നീടായിരുന്നു കേരളത്തെ ശക്തമായ നിലയിലെത്തിച്ച മനോഹരമായ കൂട്ടുകെട്ട് പിറന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്‌ഹറുദ്ദീനും കഴിഞ്ഞ കളികളിലെ താരം സൽമാൻ നിസാറും ആറാം വിക്കറ്റിൽ ഒത്തുകൂടി. വളരെ ശ്രദ്ധയോടെ കളിച്ച ഇരുവരും സ്കോർ 355 ൽ എത്തിച്ചു. ഇതിനിടയിൽ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ മനോഹരമായ സെഞ്ച്വറി പിറന്നു. ഒരു സിക്സർ പോലും അടിക്കാതെ ബൗണ്ടറികൾ മാത്രമുള്ള ഇന്നിംഗ്സായിരുന്നു അസ്‌ഹറുദ്ദീന്റേത്.
സൽമാൻ നിസാറും വളരെ ശ്രദ്ധയോടെയാണ് ബാറ്റ് ചെയ്തത്. വിശാൽ ജയ്സ്വാളിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്താകുമ്പോൾ വിലപ്പെട്ട 52 റൺസ് നിസാർ സ്വന്തം അക്കൗണ്ടിൽ കുറിച്ചിരുന്നു. 202 പന്തിൽ നാല് ബൗണ്ടറികളും ഒരു സിക്സറും അടങ്ങിയതായിരുന്നു സൽമാൻ നിസാറിന്റെ ഇന്നിംഗ്സ്. ഏഴാം വിക്കറ്റിൽ ഒത്തു ചേർന്ന അഹമ്മദ് ഇമ്രാൻ – അസ്‌ഹറുദ്ദീൻ സഖ്യവും മോശമാക്കിയില്ല. 40 റൺസാണ് ഈ കൂട്ടുകെട്ട് സ്കോർബോർഡിൽ ചേർത്തത്. 24 റൺസുമായി അഹമ്മദ് ഇമ്രാൻ പുറത്തായെങ്കിലും പിന്നീടെത്തിയ ആദിത്യ സർവതെ , മുഹമ്മദ് അസ്‌ഹറുദ്ദീന് നല്ല പിന്തുണയാണ് നൽകിയത്. 22 പന്തുകളിൽ 10 റൺസോടെ സർവതെയും 303 പന്തുകളിൽ 149 റൺസോടെ മുഹമ്മദ് അസ്‌ഹറുദ്ദീനുമാണ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ക്രീസിൽ.
ഒന്നാം ഇന്നിംഗ്സ് ലീഡ് കളിയുടെ ഫലം തീരുമാനിക്കുമെന്നിരിക്കെ കേരളത്തിന്റെ സ്കോർ ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കുമെന്നതിൽ സംശയമില്ല. ഗുജറാത്തിന്റെ മുൻനിര ബാറ്റർമാരെ എത്രയും വേഗം പുറത്താക്കാൻ കേരളത്തിന്റെ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞാൽ സ്വപ്നതുല്യമായ ഫൈനൽ പ്രവേശനം കേരളത്തിന് സാദ്ധ്യമാകും.
Discussion about this post