മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. കോടി ക്ലബ്ബിൽ കയറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് കൊണ്ടുതന്നെ എമ്പുരാന് വലിയ ഹൈപ്പാണ് ഉള്ളത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ,എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകർ പരിചയപ്പെടുത്തുന്നുണ്ട്.
ഇപ്പോഴിതാ കഥാപാത്ര പരിചയപ്പെടുത്തലിന്റെ 9ാം ദിവസം സായ് കുമാറാണ് പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുന്നത്. ലൂസിഫറിൽ മഹേഷ വർമ്മ എന്ന രാഷ്ട്രീയക്കാരനായിട്ടായിരുന്നു സായ്കുമാർ എത്തിയിരുന്നത്. ലൂസിഫറിൽ മഹേഷ വർമ്മയ്ക്ക് നൽകിയിരുന്ന സ്വീകാര്യത രണ്ടാംഭാഗത്തിലും നൽകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ പോലെ താനും സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ചുവർഷമായി. സ്റ്റീഫൻ നെടുമ്പള്ളിയുടെ ഇനിയുള്ള യാത്ര എങ്ങനെയാണെന്ന് പ്രേക്ഷകരെ പോലെ അറിയാൻ താനും കാത്തിരിക്കുകയാണെന്നും തിയേറ്ററിൽ എത്തി സിനിമ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലൂസിഫർ എന്ന സിനിമയിലേക്ക് താൻ എത്തിപ്പെട്ടതെങ്ങനെയെന്നും സായ് കുമാർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ലൂസിഫറിന്റെ എക്‌സിക്യൂട്ടീവ് സിദ്ധു പനയ്ക്കലാണ് കഥാപാത്രവുമായി ആദ്യം തന്നെ സമീപിക്കുന്നതെന്ന് സായ്കുമാർ പറയുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതിനാൽ അടുത്ത സിനിമയിൽ കാണാമെന്ന് പറഞ്ഞ് താൻ അവരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ സംവിധായകൻ പൃഥ്വിരാജ് തന്നെ അതേ നമ്പറിൽ നിന്ന് തിരിച്ചുവിളിക്കുകയും,കഥാപാത്രം നിരസിച്ചതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. തന്റെ കാലിന് പ്രശ്‌നമുള്ളതിനാലും നടക്കാൻ പ്രയാസമുള്ളത് കൊണ്ടുമാണ് സിനിമ വേണ്ടെന്ന് വച്ചതെന്ന് തുറന്നുപറഞ്ഞെന്ന് സായ് കുമാർ പറയുന്നു. അപ്പോൾ നടക്കാൻ വയ്യാത്ത ്‌വസ്ഥയാണെങ്കിൽ മഹേഷ വർമ്മയെ ആ രീതിയിലുള്ള കഥാപാത്രമാക്കാമെന്നും, ഇനി വീൽചെയറിലാണെങ്കിൽ അങ്ങനെയാണ് വർമ്മ സാർ, എന്നും പൃഥ്വിരാജ് പറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. ലൂസിഫറിലെന്നപോലെ പ്രേക്ഷകരുടെ സഹകരണം എമ്പുരാനിലും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
Discussion about this post