തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കൊമ്പനെ മയക്കുവെടി വെച്ചു.7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. ഇതിന് പിന്നാലെ 15 മിനിറ്റിനുള്ളില്‍ അടിതെറ്റി ആന നിലത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്.
ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൌത്യത്തിനുള്ളത്. വെറ്റിലപ്പാറ പുഴയോട് ചേര്‍ന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീര്‍ണ്ണമായ ദൗത്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്.
മയങ്ങിയ ശേഷം ആനയെ സുരക്ഷിതമായി കോടനാട് അഭയാരണ്യത്തില്‍ എത്തിക്കാനാണ് നീക്കം . ആനക്കൂടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. എലിഫന്റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി. രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്.
ദൗത്യത്തിനായില്‍ എത്തിച്ച കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയും വെറ്റിലപ്പാറയിലെ അംഗന്‍വാടിക്ക് സമീപമാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഒരു മാസത്തിനുള്ളില്‍ വീണ്ടും മയക്കുവെടി വെക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഡോക്ടറും വനംവകുപ്പും അറിയിച്ചിരുന്നു. അതിനാല്‍ വലിയ ഡോസില്‍ മയക്കുവെടിവെക്കാന്‍ കഴിയില്ല. കോടനാട് എത്തിച്ചാലും മസ്തകത്തിലുള്ള പരിക്കായതിനാല്‍, കൂട്ടില്‍ കയറ്റി കഴിഞ്ഞ് തലകൊണ്ട് മരത്തടിയില്‍ ഇടിച്ചാല്‍ പരിക്ക് ഗുരുതരമാകുമെന്നും ആശങ്കയുണ്ട്.
Discussion about this post