ടെഹ്‌റാൻ: കൊലപാതക കുറ്റം ചുമത്തി, യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് ചർച്ച നടത്തിയത്. മസ്‌കത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഇറാൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ, ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി വിഷയം സംസാരിച്ചത്.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അബ്ബാസ് അരാഗ്ച്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. മാനുഷിക പരിഗണനയിൽ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബ്രിട്ടാസ് എംപി രാജ്യസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് മറുപടി നൽകിയിട്ടുണ്ട്.
2017 ജൂലൈയിലാണ് യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ നിമിഷ പ്രിയ അറസ്റ്റിലായത്. പിന്നീട് 2020ൽ യെമൻ കോടതി നമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷയിൽ ഇളവിന് ശ്രമിച്ചെങ്കിലും യെമൻ കോടതി തള്ളിയിരുന്നു.
Discussion about this post