അബുദാബി: ഗൾഫ് രാഷ്ട്രങ്ങളിലടക്കമുള്ള വിശ്വാസികൾ റംസാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. റംസാന് മുമ്പുള്ള ഹിജ്റ മാസമായ ഷാബാൻ ആരംഭിക്കുന്നതിന്റെ സൂചനയായി ജനുവരി 31 വ്യാഴാഴ്ച പിറ കാണപ്പെട്ടിരുന്നു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക.
ഈ സാഹചര്യത്തിൽ റംസാൻ മാസത്തിൽ പ്രവാസികൾ അടക്കം ഗൾഫ് രാജ്യങ്ങളിൽ പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ വലിയ തുക പിഴയും ശിക്ഷയുമാണ് അനുഭവിക്കേണ്ടി വരിക. ഭക്ഷണശാലകൾക്ക് റംസാൻ കാലത്ത് പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും അനുമതി ലഭിക്കേണ്ടതുണ്ട്. അതിനായി ഇപ്പോൾ തന്നെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള പെർമിറ്റുകളാണ് ഭക്ഷണശാലകൾക്ക് നൽകുന്നത്. ഇഫ്താറിന് മുൻപ് വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. ഉപവാസസമയത്തും ആഹാരം പാകം ചെയ്യാനും വിൽക്കാനും മുൻസിപ്പാലിറ്റി അനുമതി നൽകും അതിനായി ചില നബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഷോപ്പിംഗ് മാളുകളിലുള്ള ഭക്ഷണശാലകൾക്ക് പെർമിറ്റ് ബാധകമാണ്.ഭക്ഷണം പുറത്ത് വിളമ്പണം. ഡൈനിംഗ് ഏരിയയിൽ വിളമ്പാൻ അനുവാദമില്ല.അടുക്കളയ്ക്ക് അകത്ത് മാത്രമേ പാചകം ചെയ്യാൻ സാധിക്കുകയുള്ളൂ.റെസ്റ്റോറന്റുകൾ, കഫെറ്റീരിയ, മധുര പലഹാരക്കടകൾ, ബേക്കറികൾ എന്നിവയ്ക്കാണ് അനുമതി നൽകുന്നത്. കടയുടെ മുൻവശത്തെ നടപ്പാതയിലായിരിക്കണം ഭക്ഷണം പ്രദർശിപ്പിക്കേണ്ടത്. ഇവിടം വൃത്തിഹീനമായിരിക്കാൻ പാടില്ല. ലോഹ പാത്രങ്ങളിൽ കണ്ണാടി കൂടിലായിരിക്കണം ഭക്ഷണം സൂക്ഷിക്കേണ്ടത്. നിരക്കി മാറ്റാവുന്ന വാതിൽ ഇതിനുണ്ടായിരിക്കണം. അലുമിനിയം ഫോയിലോ സുതാര്യമായ ഫുഡ് ഗ്രേഡ് പ്‌ളാസ്റ്റിക്കോ ഉപയോഗിച്ച് ആഹാര പദാർത്ഥങ്ങൾ മൂടിയിരിക്കണം. കൃത്യമായ താപനിലയിലായിരിക്കണം ആഹാരം സൂക്ഷിക്കേണ്ടത്.
ദാനകർമ്മങ്ങൾ വിശ്വാസമുള്ളതും സർക്കാർ സ്ഥാപനങ്ങളിലൂടെയും മാത്രം നൽകണമെന്ന് നിർദ്ദേശമുണ്ട്. യുഎഇ നിയമപ്രകാരം പൊതുജനങ്ങളിൽ നിന്ന് ഫണ്ട് റൈസിംഗിലൂടെ പണം ശേഖരിക്കുന്നതിന് വ്യക്തികൾക്ക് വിലക്കുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 150,000 ദിർഹം മുതൽ 300,000 ദിർഹം വരെയാണ് പിഴ. പിരിച്ചെടുത്ത പണവും കോടതി പിടിച്ചെടുക്കും. എന്നാൽ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ ദരിദ്രരെയോ സഹായിക്കുന്നതിനായി സംഭാവനകൾ ശേഖരിക്കാമെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരത്തിൽ പണം ശേഖരിക്കുന്നത് അനുവദനീയമായ പരിധിക്കുള്ളിലായിരിക്കണം. ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ പണം ശേഖരിക്കുന്ന നിലയിലെത്താനും പാടില്ല.
മസ്ജിദുകൾക്ക് സമീപത്ത് അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിലക്കുണ്ട്. പ്രാർത്ഥനാ സമയങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്ക് പോലും 500 ദിർഹമാണ് പിഴ. ലൈസൻസ് നേടാതെ വോളന്റിയറിംഗ് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കർശന വിലക്കുണ്ട്. 10,000 ദിർഹം മുതൽ 100,000 ദിർഹം വരെയാണ് നിയമലംഘനം നടത്തുന്നവർക്ക് പിഴയൊടുക്കേണ്ടി വരിക. പൊതുമദ്ധ്യത്തിൽ നൃത്തം ചെയ്യുക, ഉച്ചത്തിൽ പാട്ട് വയ്ക്കുക അസഭ്യം പറയുക അക്രമാസക്തമായി പെരുമാറുക അനുചിതമായ വസ്ത്രങ്ങൾ ധരിക്കുക ഇഫ്താർ ക്ഷണമോ സമ്മാനങ്ങളോ നിരസിക്കുക എന്നിവയൊന്നും ചെയ്യാതിരിക്കുക.
Discussion about this post