ന്യൂയോർക്ക് : റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയെ ആക്രമിക്കാൻ യുക്രെയ്‌ന് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. യുക്രെയ്‌ൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്‌കിയുമായി ടെലഫോണിൽ നടത്തിയ ഒരു ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
യുക്രെയ്‌നിൽ നിന്നും റഷ്യയുടെ പ്രധാന മേഖലകളിലേക്ക് ആക്രമണം നടത്താൻ കഴിയുന്ന ദീർഘദൂര മിസൈലുകൾ ആണ് ടോമാഹോക്ക്. യുക്രെയ്‌ന്റെ കൈവശം ഇതുവരെ ദീർഘദൂര മിസൈലുകൾ ഇല്ലാതിരുന്നത് യുദ്ധത്തിൽ റഷ്യക്ക് ഏറെ ഗുണകരമായിരുന്നു. ടോമാഹോക്ക് വളരെ അവിശ്വസനീയമായതും ആക്രമണാത്മകവുമായ ഒരു ആയുധമാണെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകുന്നതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ദീർഘദൂര സബ്‌സോണിക് ക്രൂയിസ് മിസൈലാണ് ടോമാഹോക്സ്. കൃത്യമായ ആക്രമണങ്ങൾ നടത്താൻ ഇവയ്ക്ക് കഴിയും, കരയിൽ നിന്നും കടലിൽ നിന്നും വിക്ഷേപിക്കാനും കഴിയും. 5.6 മീറ്റർ (18.4 അടി) നീളവും 1,600 കിലോഗ്രാം ഭാരവുമുള്ള ടോമാഹോക്കുകൾ കൂടുതലും ഉപയോഗിക്കുന്നത് അമേരിക്കയാണ്. കൂടാതെ ആണവ പോർമുനകൾ വഹിക്കാനും ഇവയ്ക്ക് കഴിവുണ്ട്.
Discussion about this post