മകൻ വിവേക് കിരൺ വിജയനും മകൾ വീണയ്ക്കും എതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവർക്കുമെതിരായ ആരോപണങ്ങൾ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പാടെ തള്ളുകയായിരുന്നു അദ്ദേഹം. വിവേകിന് സമൻസ് ലഭിച്ചതായി തനിക്ക് അറിവില്ലെന്നും മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് വിവേകെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
മക്കളിൽ അഭിമാനമാണുള്ളത്. അവർ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നവരാണ്. ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിന് മുന്നിൽ തന്നെ കളങ്കിതനാക്കാനാണ് ശ്രമം. എന്തെല്ലാം കണ്ടിരിക്കുന്നു ഞാൻ, എന്നെ ഒന്നും ഏശില്ല. രാഷ്ട്രീയ ആവശ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
എന്റെ രാഷ്ട്രീയ പ്രവർത്തനം എല്ലാവർക്കും അറിയാം. തന്റെ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്. അഴിമതി അനുവദിക്കില്ലെന്നും അത് നിർബന്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post