ചെന്നെ: 2026ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകത്തിന്റെ പ്രസിഡന്റുമായ വിജയ്യുമായി തങ്ങൾ പ്രത്യയശാസ്ത്രപരമായ പോരാട്ടം നടത്തുമെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. വിജയ് ഒരു ജനപ്രിയ നടനാണ്. അതുകൊണ്ട് തന്നെ, ഈ രാഷ്ട്രീയ പോരാട്ടത്തിൽ ഒരു ആദർശം അദ്ദേഹം കൊണ്ടുവരുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
വിജയ്‌യെയും മറ്റ് പാർട്ടികളെയും സംബന്ധിച്ച് ഇതൊരു പ്രത്യയശാസ്ത്രപരമായ പോരാട്ടമായിരിക്കും. വിജയ് ചില പ്രത്യയശാസ്ത്രങ്ങൾ നിലംപരിശാക്കുന്നതു പോലെ തന്നെ തങ്ങൾക്കും കഴിയും. അവരുടെ ഉള്ളിൽ ഒരു തീക്കനൽ ഉള്ളതുപോലെ തന്നെ തങ്ങൾക്കുള്ളിലുമുണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി.
2024 ഒക്ടോബറിൽ നടന്ന തന്റെ ആദ്യ പാർട്ടി സമ്മേളനത്തിൽ വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രത്യയശാസ്ത്ര ശത്രുവായി ബിജെപിയെ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെയെ അവരുടെ രാഷ്ട്രീയ ശത്രുവായി വിജയ് വെല്ലുവിളിയ്ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന.
സാമൂഹ്യ മാദ്ധ്യമങ്ങൾക്കും യുവ വോട്ടർമാർക്കും, ലക്ഷ്യത്തെ അത്രമേൽ ആഗ്രഹിക്കുന്ന രാഷ്ട്രിയത്തിനോടുമൊപ്പം, ഓരോ തിരഞ്ഞെടുപ്പും മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഓരോ തിരഞ്ഞെടുപ്പും വ്യത്യസ്തമാണ്. എന്നാൽ, ഏത് സാഹചര്യത്തിലും ബിജെപിയുടെ വിജയമെന്നത് സുനിശ്ചിതമാണ്. 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബഹുകക്ഷി മത്സരമാണ് നടക്കുക. എന്നാൽ, എതിർക്കാൻ വേണ്ടി തന്റെ പാർട്ടി ഒരു പാർട്ടിയെയും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയ്യുടെ ജനപ്രീതി വളരെ വലുതാണ്. ഭരണകക്ഷിയായ ഡിഎംകെയും ഇവിട ശക്തം തന്നെയാണ്. സംസ്ഥാനത്ത് പ്രാദേശിക പാർട്ടികൾക്ക് ശക്തമായ അടിത്തറയുണ്ട്. എന്നാൽ, കഴിഞ്ഞ വർഷങ്ങളായി ഇവിടെയുള്ള തങ്ങളുടെ വളർച്ചയും വികസനവും ശക്തമാണ്. ‘2021 ൽ ആദ്യമായി ഞങ്ങൾ ഒറ്റയ്ക്ക് ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഞങ്ങൾ ശക്തമായി തന്നെ മത്സരിച്ചു. ഒരു പ്രചാരണം എങ്ങനെ മികച്ചതാക്കാമെന്നും ഞങ്ങളുടെ ആഖ്യാനം എങ്ങനെ ശരിയാക്കാമെന്നും മനസ്സിലാക്കി. തിരഞ്ഞെടുപ്പ് പോരാട്ട സംവിധാനങ്ങൾ ഞങ്ങൾ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. ഡിഎംകെ ഭരണകക്ഷിയാണ്. അവരുടെ തെറ്റുകൾക്ക് നമ്മൾ അവരെ പ്രതിക്കൂട്ടിലാക്കണം’- അണ്ണാമലൈ പറഞ്ഞു.
Discussion about this post