ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ പ്രിയയും സുരാജ് വെഞ്ഞാറമുടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഏറെ വിമർശകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. വലിയ രീതിയിലാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത്. കേരളത്തിന് പറത്തും സിനിമ വലിയ ചർച്ചയായിരുന്നു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി റീമേക്കായിരുന്നു സന്യ മൽഹോത്ര നായികയായ ‘മിസിസ്’. ഈ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒടിടിയിൽ തന്നെയായിരുന്നു മിസിസും റിലീസ് ചെയ്തത്. സിനിമയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പുരുഷാവകാശ സംഘടനയായ ദി സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ. ചിത്രം ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണെന്ന് എക്‌സിൽ മിസിസിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിൽ ദി സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ വിമർശനമുന്നയിച്ചു. പച്ചക്കറി അരിയുമ്പോൾ സ്ത്രീകൾ എന്ത് സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്നും ഫൗണ്ടേഷൻ ചോദിക്കുന്നു.
‘ഫെമിനിസ്റ്റുകൾ കളിക്കുന്ന ഗെയിം ഇതാണ്…; സ്ത്രീകൾ ബുദ്ധിമുട്ടുകൾ സഹിക്കുന്നു, കുടുംബങ്ങളിൽ കുട്ടികൾ ഒരുതരത്തിലുള്ള ചൂഷണങ്ങളും നേരിടുന്നില്ല. സ്ത്രീകൾ കഷ്ടപ്പാടുകൾ സഹിക്കുന്നു, എന്നാൽ, പുരുഷൻമാർ ഒരുതരത്തിലുള്ള കുറ്റകൃത്യങ്ങളിലും ഇരയാകുന്നില്ല. സ്ത്രീകൾ ചൂഷണങ്ങൾ സഹിക്കുന്നു, പക്ഷേ, മുതിർന്നവർ കുടുംബങ്ങളിൽ ഒരു പീഡനവും സഹിക്കുന്നില്ല. സ്ത്രീകൾ കഷ്ടപ്പെടുന്നു, ശാരീരികവും മാനസികവുമായ പ്രശ്നമുള്ളവർ ഒരു ചൂഷണവും നേരിടുന്നില്ല. സത്യമെന്തെന്നാൽ, ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തെ പറ്റിയുള്ള നയങ്ങളിൽ 80 ശതമാനവും ഉൾക്കൊള്ളുന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്’- ദി സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ കുറിച്ചു.
പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും കയ്യുറ ഉപയോഗിച്ച് പാത്രം കഴുകുന്നതിലും എന്ത് പ്രശ്‌നമാണ് സ്ത്രീകൾ നേരിടുന്നതെന്നും അവർ ചോദിക്കുന്നു. സത്യത്തിൽ പാചകം ഒരു ധ്യാനമാണെന്നും അവർ വ്യക്തമാക്കി.
Discussion about this post