ഏഴ്മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച 34കാരന് വധശിക്ഷ വിധിച്ച് കോടതി. കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 34 കാരനായ രാജീബ് ഘോഷിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. അമ്മയോടൊപ്പം വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുഞ്ഞിന് 10 ലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2024 നവംബർ 30നാണ് കേസിനാസ്പദമായ സംഭവം.ശുചീകരണ തൊഴിലാളിയായ പ്രതി, കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വഴിയിലെ ഫുട്പാത്തിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നാലെ കരച്ചിൽ കേട്ട പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈസമയം കുഞ്ഞിനെ അന്വേഷിച്ച് നടക്കുകയായിരുന്നു മാതാപിതാക്കൾ. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. കുട്ടിയുടെ ദേഹത്ത്, സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മുറിവുകളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതിയെ പോലീസ് കുരുക്കിയത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ശരീരത്തിൽ ആജീവനാന്തം പരിക്കുകൾ നിലനിൽക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്.
‘ഇതിൽ കുറഞ്ഞൊരു ശിക്ഷ കോടതിക്ക് ചിന്തിക്കാൻ കഴിയില്ലെന്ന്’ വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി ഇന്ദ്രില്ല മുഖർജി മിത്ര പറഞ്ഞു. വിധിയെ ‘ചരിത്രപരമെന്നാണ്’ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബിവാസ് ചാറ്റർജി വിശേഷിപ്പിച്ചത്. ”കാരണം, ഇര ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ഇത്തരം കേസുകളിൽ പ്രതിക്ക് വധശിക്ഷ നൽകുന്നത് നമ്മൾ കണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുഞ്ഞ് മരണപ്പെടാത്തതിനാൽ വധശിക്ഷ വിധിക്കാൻ കഴിയില്ലെന്ന് പ്രതിഭാഗം ആവർത്തിച്ചു വാദിച്ചു. ”എന്നാൽ, വധശിക്ഷ വിധിക്കണമെങ്കിൽ ഇര മരിക്കണമെന്ന് നിയമത്തിൽ പറയുന്നില്ലെന്ന് പ്രോസിക്യൂഷൻ എതിർവാദം ഉന്നയിക്കുകയായിരുന്നു.
കുറ്റകൃത്യം നടന്ന് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചു. ഏകദേശം 80 ദിവസം കൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ പൂർത്തിയായി വിധി പുറപ്പെടുവിച്ചത്
Discussion about this post