ചരിത്രാതീത കാലത്തെ മാംസഭോജി, ആനകളെ പോലും വേട്ടയാടിയിരുന്ന, പൂച്ചയുടേത് പോലുള്ള പല്ലുകളും നായയുടേത് പോലുള്ള ശരീരവുമുള്ളമൃഗം. അതാണ് ഇജിപ്ഷ്യൻ കാടുകളിലെ രാജാവെന്ന് അറിയപ്പെട്ടിരുന്ന ബാസ്‌റ്റെറ്റോഡൺ സിർടോസ്. ഒരു കാലത്ത് ഭക്ഷ്യ ശൃഖലയിലെ ഏറ്റവും മുകൾ നിരയിൽ നിന്നിരുന്ന മൃഗമാണ് ബാസ്‌റ്റെറ്റോഡൺ സിർടോസ്. 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ബാസ്‌റ്റെറ്റോഡൺ സിർടോസിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ഈജിപ്തിലെ ഫായും താഴ്വാരത്തിൽ നിന്നാണ് ബാസ്‌റ്റെറ്റോഡൺ സിർടോസിന്റെ തലയോട്ടി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് കോടി വർഷം പ്രായമുള്ളതാണ് ഈ തലയോട്ടിയെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടൽ. ഈ തലയോട്ടിയുടെ കണ്ടെത്തൽ, പ്രാചീന ആഫ്രിക്കൻ ഇരപിടിയൻ ജീവികളെ കുറിച്ചും അവയുടെ പരിണാമത്തെ കുറിച്ചും അവയുടെ വംശനാശത്തിനിടയാക്കിയ കാലാവസ്ഥയെ കുറിച്ചുമെല്ലാമുള്ള ഒട്ടേറെ വിവരങ്ങളിലേക്ക് വഴികാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തലയോട്ടിയിൽ കണ്ടെത്തിയ മൂർച്ചയുള്ള പല്ലുകളും ഉറപ്പുള്ള താടിയെല്ലും ഇരയെ ശക്തിയോടെ കടിച്ചുപിടിക്കാനുള്ള ബാസ്റ്റെറ്റോഡണിന്റെ ശേഷിയെ കുറിച്ചുള്ള സൂചനകളകണ് നൽകുന്നത്. നായയുടെ ശരീരമുള്ള ഇവയ്ക്ക് പുള്ളിപ്പുലിയുടെ അത്രയും വലിപ്പമാണ് ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. സസ്തനിയായ ഇവയുടെ രൂപം വളരെ ഭീതി ജനിപ്പിക്കുന്നതാണെന്നും കരുതുന്നു. വെർട്ടെബ്രേറ്റ് പാലിയോന്റോളജി എന്ന ജേണലിൽ ആണ് ഇവയെ കുറിച്ചുള്ള പഠനം നൽകിയിരിക്കുന്നത്.
ഈ പഠനത്തിൽ ഈജിപ്തിലെ ഫായൂമിലുണ്ടായിരുന്ന വനപ്രദേശത്ത് സഹജീവികളായ ഹിപ്പോകൾ, ആനകൾ, ഹൈറാക്സ് എന്നിവയെ എല്ലാം എങ്ങനെയാണ് വേട്ടയാടിയിരുന്നതെന്ന് വിശദമാക്കുന്നുണ്ട്. ഹയനോഡോണ്ടുകൾ എന്നറിയപ്പെടുന്ന വംശനാശം സംഭവിച്ച മാംസഭോജികളായ സസ്തനികളുടെ വിഭാഗത്തിൽ പെടുന്ന ഒരു ഇനമാണ് ബാസ്റ്റെറ്റോഡൺ. പൂച്ചകൾ, നായ്ക്കൾ, കഴുതപ്പുലികൾ തുടങ്ങിയ ആധുനിക മാംസഭോജികൾ ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ ഹയനോഡോണ്ടുകൾക്ക് പരിണാമം സംഭവിച്ചു. ദിനോസറുകളുടെ വംശനാശത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ആഫ്രിക്കൻ പരിതസ്ഥിതിയിൽ ജീവിച്ച ഈ ജീവികൾ കഴുതപ്പുലികളെ പോലെയുള്ള പല്ലുകളുമായാണ് ഇരകളെ വേട്ടായിടിയിരുന്നത്.
ദിവസങ്ങളെടുത്ത ഉത്ഖനനത്തിനൊടുവിലാണ് ശിലാപാളികൾക്കിടയിൽ നിന്ന് ഈ ഫോസിലുകൾ കണ്ടെത്തിയതെന്ന് ഗവേഷകനായ ഷോറൂഖ് അൽ അഷ്ഖർ പറഞ്ഞു. ‘ജോലി അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ടീംമംഗങ്ങളിൽ ഒരാൾ ഒരു കൂട്ടം പല്ലുകൾ നിലത്ത് നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നതായി കണ്ടെത്തിയത്. ആവേശത്തോടെ അയാൾ അത് മറ്റ് ടീമംഗങ്ങളെ അറിയിക്കുകയും അത് സുപ്രധാനമായ ഈ കണ്ടെത്തലിലേക്ക് നയിക്കുകയും ചെയ്തു. ഒരു പ്രാചീന ഇരപിടിയൻ ജീവിയുടെ ഏറെ കുറെ പൂർണമായ തലയോട്ടിയായിരുന്നു അത്. ഏതൊരു വെർട്ടെബ്രേറ്റ് പാലിയോന്റോളജിസ്റ്റിന്റേയും സ്വപ്ന നേട്ടമാണത്’ ഷോറൂഖ് അൽ അഷ്ഖർ പറയുന്നു.












Discussion about this post