വിദ്യാർത്ഥി രാഷ്ട്രീയം നൽകിയ ബാലപാഠങ്ങൾ കൈമുതലാക്കി മുഖ്യമന്ത്രി പഥത്തിലേക്ക് ചുവടുവച്ച വനിതാ നേതാവ്. കൗൺസിലറുടെ കുപ്പായത്തിൽ ഭരണമികവ് ജനങ്ങൾക്ക് മുൻപിൽ തെളിയിച്ച ജനസേവക. ബിജെപി ഡൽഹിയുടെ താക്കോൽ ഏൽപ്പിച്ച രേഖ ഗുപ്ത നിസ്സാരക്കാരിയല്ല. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം ഉള്ള രേഖയുടെ കൈകളിൽ ഡൽഹിയുടെ താക്കോൽ ഭദ്രമെന്ന് ബിജെപിയ്ക്ക് അറിയാം. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി രേഖയെ മുഖ്യമന്ത്രിയാക്കിയതും ഇതുകൊണ്ടാണ്.
ഹരിയാന സ്വദേശിനിയാണ് രേഖ ഗുപ്ത. 1974 ജൂലൈ 19 ന് ജിന്ദ് ജില്ലയിലെ നന്ദ്ഗഡ് ഗ്രാമത്തിൽ ജനനം. രേഖയ്ക്ക് രണ്ട് വയസ്സുള്ളപ്പോൾ ആയിരുന്നു കുടുംബം ഡൽഹിയിലേക്ക് താമസം മാറിയത്. പിന്നീട് പഠിച്ചതും വളർന്നതും ഡൽഹിയിൽ. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ വിദ്യാർത്ഥി സംഘടനയായ എബിവിപിയിൽ അംഗമായിരുന്നു രേഖ.
നിയമപഠനത്തിൽ ആയിരുന്നു രേഖയ്ക്ക് താത്പര്യം. ഗാസിയാബാദിലെ ഐഎംഐആർസി കോളേജ് ഓഫ് ലോയിലും, ചൗധരി ചരൺ സിംഗ് സർവ്വകലാശാലയിലുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതിന് ശേഷം ആയിരുന്നു രേഖ സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്.
ഡൽഹി സർവ്വകലാശാലയിൽ പഠിക്കുമ്പോൾ ദൗലത്ത് റാം കോളേജിൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എബിവിപി പ്രതിനിധിയായി രേഖ മത്സരിച്ചിരുന്നു. ഇതിൽ ഉജ്ജ്വല വിജയം നേടിയ രേഖ പിന്നീട് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുക.ും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിദ്യാഭ്യാസം പൂർത്തിയാക്കി 2003 ൽ ബിജെപിയുടെ യുവജന സംഘടനയായ യുവമോർച്ചയിൽ അംഗമായി. നേതൃമികവിനെ തുടർന്ന് ഡൽഹി യൂണിറ്റിന്റെ സെക്രട്ടറി പഥം അലങ്കരിച്ചു. പിന്നീട് യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി. മൂന്ന് തവണയായിരുന്നു കൗൺസിലറായി രേഖ തിരഞ്ഞെടുക്കപ്പെട്ടത്.
2007 ൽ ആയിരുന്നു ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള രേഖയുടെ കന്നിയംഗം. ഇതിൽ വിജയിച്ചു. ഇതിനിടെ കോർപ്പറേഷനിൽ വനിതാ- ശിശുക്ഷേമ സമിതിയുടെ ചെയർപേഴ്സണായി രണ്ട് വർഷം സേവനം അനുഷ്ഠിച്ചു. 2009 ൽ ബിജെപി മഹിളാമോർച്ചയുടെ ജനറൽ സെക്രട്ടറിയായി. 2010 ൽ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാകാനുള്ള ഉത്തരവാദിത്വം ബിജെപി ഏൽപ്പിച്ചത് രേഖയെ ആയിരുന്നു. 2012 ൽ വീണ്ടും പിതംപുരിയിലെ 54ാം വാർഡിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖയുടേത് കന്നി അംഗമാണ്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെയുള്ള വിജയം ബിജെപിയെയും ഞെട്ടിച്ചിട്ടുണ്ട്. ഷാലിബാർ ബാഗ് ആയിരുന്നു രേഖയുടെ തട്ടകം. സിറ്റിംഗ് എംഎൽഎയായ ബന്ദനാ കുമാരിയെ 29,595 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയാണ് ഇവിടെ രേഖ വിജയിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രേഖയുൾപ്പെടെ ഏഴ് എംഎൽഎമാരുടെ പേരുകൾ ആണ് ഉയർന്നുകേട്ടത്. എന്നാൽ അധികം വൈകാതെ രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്നുകേൾക്കുകയായിരുന്നു. എന്നാൽ രേഖയ്ക്കായി എല്ലാവരും വഴിമാറി. ഇതോടെ എല്ലാവരുടെയും പിന്തുണയോടെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി, നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ മാറി. സുഷമ സ്വരാജിന് ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന ബിജെപി വനിതാ നേതാവ് കൂടിയാണ് രേഖ.
വനിത ശാക്തീകരണമെന്ന വാക്ക് വെറും വാചാടോപം മാത്രമാകുമ്പോൾ തങ്ങളുടെ അഞ്ചാമത്തെ വനിത മുഖ്യമന്ത്രിയെ ആണ് രേഖാ ഗുപ്തയിലൂടെ ബിജെപി ഉയർത്തിക്കാട്ടുന്നത്. ഉമാ ഭാരതി, സുഷമ സ്വരാജ്, വസുന്ധര രാജെ , ആനന്ദി ബെൻ പട്ടേൽ എന്നിവരാണ് നേരത്തെ മുഖ്യമന്ത്രിയായ ബിജെപി വനിതകൾ. നാരീശക്തി എന്നത് വെറും പറച്ചിലല്ല എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചതിൽ ബിജെപിക്ക് അഭിമാനിക്കാം.
Discussion about this post