ന്യൂഡല്‍ഹി: ഇനിമുതല്‍ ഊബര്‍ വഴി ഓട്ടോ വിളിക്കുന്നവര്‍ ഇനി ഡ്രൈവര്‍ക്ക് നേരിട്ട് പണം നല്‍കണം. ഇതുവരെ ഊബര്‍ ആപ്പ് വഴിയും പണം നല്‍കാമായിരുന്നു. ഇനി യാത്രയ്‌ക്കൊടുവില്‍ ഡ്രൈവര്‍ക്ക് പണമായോ യുപിഐ വഴിയോ കൂലി നല്‍കണം. ഓട്ടോ യാത്രകളിലെ കൂലിയില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്നത് ഊബര്‍ അവസാനിച്ചതിനാലാണ് ഈ മാറ്റം.
ഇനി മുതല്‍ ഡ്രൈവര്‍മാര്‍ ഒരുമാസം നിശ്ചിതതുക സബ്‌സ്‌ക്രിപ്ഷന്‍ ഫീസായിട്ട് ഊബറിന് അടയ്ക്കണം. ഇതുവരെ ഓരോ യാത്രകള്‍ക്ക് നിശ്ചിത കമ്മീഷനാണ് ഊബര്‍ എടുത്തിരുന്നത്.
ഇനി മുതല്‍ യാത്രക്കാരനെയും ഡ്രൈവറെയും ബന്ധിപ്പിക്കുന്ന ഉത്തരവാദിത്തം മാത്രമേ ഇനി ഊബറിനുണ്ടാകൂ. ആപ്പില്‍ കാണിക്കുന്ന തുക തന്നെ ഈടാക്കണമെന്ന് നിര്‍ബന്ധവുമില്ല. ഓട്ടോറിക്ഷ യാത്രകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. മറ്റെല്ലാ ഊബര്‍ റൈഡുകളും പഴയതുപോലെ തുടരും.
ഓട്ടോ യാത്രകളിലെ കൂലിക്ക് ബാധകമായ ജിഎസ്ടി സബംന്ധിച്ച അവ്യക്തതകളും അനിശ്ചിതത്വവും കമ്മീഷന്‍ മോഡല്‍ അവസാനിപ്പിക്കാന്‍ ഊബറിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഊബര്‍ അവതരിപ്പിച്ചിരുന്നു. ചെന്നൈ, കൊച്ചി, വിശാഖപട്ടണം തുടങ്ങി ആറ് നഗരങ്ങളിലാണ് ഊബര്‍ പദ്ധതി ആരംഭിച്ചത്. ഊബര്‍, ഒല തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്റെ പേരില്‍ നേരത്തെ നിരവധി തവണ ഡ്രൈവര്‍മാര്‍ പണിമുടക്കുകള്‍ നടത്തിയിട്ടുണ്ട്.
മറ്റ് മാറ്റങ്ങള്‍
ഓട്ടോ ഡ്രൈവര്‍ക്ക് യാത്രക്കാരന്‍ നല്‍കിയ തുക റീ-ഫണ്ട് ചെയ്യാന്‍ സാധിക്കില്ല.
യാത്രയുടെ ഗുണനിലവാരം, പരാതികള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇനി ഊബര്‍ ഇടപെടില്ല.
യാത്രക്കാര്‍ നടത്തിയ പേയ്‌മെന്റ് വിവരങ്ങള്‍ ഊബര്‍ നിരീക്ഷിക്കില്ല.
ഊബറിലെ കാഷ്ബാക്ക് അടക്കമുള്ളവ ഓട്ടോ യാത്രകള്‍ക്ക് ഇനി ഉപയോഗിക്കാനാകില്ല.
ഡ്രൈവര്‍ റൈഡ് റദ്ദാക്കുകയോ, റൈഡിന് വിസമ്മതിക്കുകയോ ചെയ്താല്‍ ഇതിന് കമ്പനി ബാധ്യസ്ഥരായിക്കില്ല
Discussion about this post