പനാജി : അപകടകാരികളായ നായക്കളെ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് . റോട്ട്വീലർ, പിറ്റ്ബുൾ എന്നീ നായക്കൾക്ക് ഉടൻ തന്നെ നിരോധനം ഏർപ്പെടുത്തിയേക്കുമെന്നാണ് പ്രമോദ് സാവന്ത് പറഞ്ഞത്.
പിറ്റ്ബുൾ , റോട്ട് വീലർ നായ ഇനങ്ങളെ ഇറക്കുമതി ചെയ്യുന്നതും ബ്രീഡ് ചെയ്യുന്നതും വിൽക്കുന്നതും ഉടനെ തന്നെ നിരോധിക്കും. ഗോവയിൽ മൃഗങ്ങളെ ബ്രീഡ് ചെയ്യുന്നതും വളർത്തുന്നതും സംബന്ധിച്ച 2024 ലെ ഓർഡിനൻസിൽ ഈ രണ്ട് നായ ഇനങ്ങളെയും ഉൾപ്പെടുത്താൻ മന്ത്രിസഭ അനുമതി നൽകി. ആക്രമണകാരികളായ ഈ നായ ഇനങ്ങൾ ധാരാളം മനുഷ്യരെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തുന്നത് എന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം, റോട്ട്വീലർ കടിച്ചതിനെ തുടർന്ന് 40 വയസ്സുള്ള ഒരാൾക്ക് പരിക്കേറ്റു. അസ്സഗാവോയിലാണ് സംഭവം. സംഭവത്തിന് ശേഷം, ചില ഇനങ്ങളുടെ (പിറ്റ്ബുൾ, റോട്ട്വീലർ) ഉടമകളോട് ‘തുറന്ന പൊതുസ്ഥലങ്ങളിൽ അവരുടെ വളർത്തുമൃഗങ്ങളുമായി പുറത്തിറങ്ങരുതെന്നും ചുറ്റിത്തിരിയരുതെന്നും’ അധികൃതർ നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ, വടക്കൻ ഗോവയിലെ അഞ്ജുനയിൽ ഒരു പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ഏഴ് വയസ്സുള്ള ഒരു കുട്ടി മരിച്ചു. വീട്ടുജോലിക്കാരിയായ അമ്മയോടൊപ്പം കുട്ടി തൊഴിലുടമയുടെ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം. നായ കുട്ടിയുടെ കഴുത്തിലും ശരീരത്തിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
Discussion about this post