ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 19 കാരനായ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കോതനൂർ സ്വദേശിയായ മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലെ ഹെഗ്‌ഡേ നഗറിൽ പ്രവർത്തിക്കുന്ന മദ്രസയിൽ ആണ് സംഭവം. മദ്രസയുടെ ഉടമകളായ ദമ്പതികളുടെ മകനാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടിയുടെ കയ്യിൽ നിന്നും ചോറ് നിലത്തുവീണിരുന്നു. ഇതേ ചൊല്ലി മറ്റുകുട്ടികളുമായി വഴക്കുണ്ടാകുകയും ചെയ്തു. ഇത് കണ്ട് എത്തിയ മുഹമ്മദ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മറ്റ് കുട്ടികൾ നോക്കി നിൽക്കെ ആയിരുന്നു മർദ്ദനം. അവശയായ കുട്ടിയെ പിന്നീട് മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ സിസിടിവി പരിശോധിക്കുകയായിരുന്നു.
എട്ട് മാസം മുൻപാണ് പെൺകുട്ടി മദ്രസയിൽ പഠിക്കാനായി എത്തിയത്. കുട്ടിയുൾപ്പെടെ നിരവധി പേർ മദ്രസയിലുണ്ട്. ഇവരെ ഹസൻ അടിയ്ക്കടി മർദ്ദിക്കാറുണ്ട്. ഇരയായ കുട്ടിയ്ക്ക് നേരെ ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് അന്തേവാസികൾ പറയുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 75ാം വകുപ്പ് പ്രകാരം ആണ് പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ 115ാം വകുപ്പും പ്രതിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Discussion about this post