ഇത് റോഡാണോ തോടാണോ എന്ന് സംസ്ഥാനത്തെ റോഡുകളെ നോക്കി നെടുവീർപ്പിടുന്ന കാലത്തിന് അന്ത്യമടത്തു. കേരളത്തിലെ റോഡുകൾ രാജവീഥികൾ പോലെ സുന്ദരവും ഒരുമഴ പെയ്ത് തോർന്നാൽ പൊട്ടിപ്പൊളിയാത്തുമായി മാറും. ഇത് പകൽക്കിനാവല്ല. അധികം വൈകാതെ നടപ്പിലാകാൻ പോകുന്ന കാര്യമാണെന്ന് ഉറപ്പിച്ചുകൊള്ളൂ. കേരളത്തെ തഴയുന്നുവന്ന ഇടത്-വലത് പാർട്ടികളുടെ കുറ്റപ്പെടുത്തലുകൾ ഊതിപ്പെരുപ്പിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേന്ദ്രഗതാഗതമന്ത്രി ഗംഭീര പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കേരളത്തിലെ റോഡ് വികസനത്തിന് ഒന്നും രണ്ടും കോടിയല്ല 50,000 കോടിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമവേദിയിൽ വച്ചാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഗംഭീരപ്രഖ്യാപനം. ആകെ മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 896 കിലോമീറ്റർ ദൈർഘ്യത്തിൽ 31 പുതിയ റോഡുകൾക്കാണ് കേന്ദ്രം പമം മുടക്കാൻപോകുന്നത്.
പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. ഇതിന്റെ പ്രവൃത്തികൾ ആറുമാസത്തിനകം ആരംഭിക്കും. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള പ്രധാനപാതയായിമാറുന്ന ഇവിടെ നാല് മാസത്തിനുള്ളിൽ പണി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റർ ദൂരമാണ് വികസിപ്പിക്കുക. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. കോഴിക്കോട്-പാലക്കാട് ദേശീയപാത നാലുവരിയാക്കാൻ മൂന്ന് മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കും. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി 120 കിലോമീറ്റർ ദൂരംവരുന്നതാണ് ദേശീയപാത 966 നാലുവരിയാക്കൽ പദ്ധതി. കോയമ്പത്തൂരുമായി വടക്കൻ കേരളത്തെ ബന്ധിപ്പിക്കാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കൊല്ലത്തും കേന്ദ്ര പദ്ധതിയുണ്ട്. തമിഴ്നാട്ടിലെ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളുമായി കൊല്ലത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയ്ക്ക് 38.6 കിലോമീറ്ററാണ് ദൂരം. ഇതിനായി 300 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. ആയുർവേദം ഉൾപ്പടെ മേഖലകൾ സമ്പന്നമായതിനാൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെ നിരവധിപേരാണ് കേരളത്തിലേക്ക് വരുന്നത്. ഈ സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാൻ കേന്ദ്രസർക്കാർ ഉറച്ച പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി
Discussion about this post