ടെൽ അവീവ്: ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രയേൽ യുവതിയും 2 മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം ഹമാസ് കൈമാറി. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ യഥാർത്ഥ മൃതദേഹം റെഡ്‌ക്രോസിന് കൈമാറിയെന്നാണ് അന്താരാഷ്ട്ര മാദ്ധമ റിപ്പോർട്ടുകൾ.
മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാൻ നടപടി തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. നേരത്തെ കൈമാറിയ നാല് മൃതദേഹങ്ങളിൽ ഷിരി ബിബാസിന്റെ മൃതദേഹം ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാർത്ഥ മൃതദേഹം കൈമാറിയത്. ഇതോടെ, സംഭവം വെടിനിർത്തൽ കരാറിനെ ബാധിക്കുമെന്ന ആശങ്കയാണ് പതിയെ ഇല്ലാതായത്. അതേസമയം, ഇവർ മരിച്ചത് ഹമാസ് കസ്റ്റഡിയിലിരിക്കെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണെന്ന ആരോപണത്തെച്ചൊല്ലി തർക്കം തുടരുകയാണ്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രായേലും കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബന്ദികളെ ഹാമാസ് മോചിപ്പിച്ചിരുന്നു. ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത് ജനുവരി 19 നാണ്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായത്. 15 മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്.
Discussion about this post