ന്യൂഡൽഹി: നഷ്ടമായ പ്രതാപം വീണ്ടെടുക്കണം എങ്കിൽ കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. ജനങ്ങൾക്ക് ബിജെപിയെ മടുക്കും എന്നത് വെറും കാത്തിരിപ്പ് മാത്രമാണ്. എല്ലാ നേതാക്കളും ഇക്കാര്യം മനസ്സിലാക്കണം എന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വോട്ടു ശതമാനം വർദ്ധിപ്പിച്ചേ മതിയാകൂ. ഇതിനായി നേതാക്കൾ മുതൽ താഴെതട്ടിലുള്ള പാർട്ടിയുടെ പ്രവർത്തകർവരെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം. ബിജെപിയെ അവർക്ക് മടുക്കുന്നതുവരെ നാം കാത്തിരിക്കരുത്. ജനങ്ങൾ നമ്മുടെ അടുത്തേയ്ക്ക് എത്തും എന്നത് പ്രതീക്ഷ മാത്രമാണ്. അതിന് മുൻപ് ജനങ്ങൾക്കിടയിലേക്ക് പോയി പ്രവർത്തിക്കുകയാണ് വേണ്ടത്. ഇങ്ങനെ വോട്ട് ശതമാനം വർദ്ധിപ്പിക്കണം. അല്ലെങ്കിൽ അത് ദോഷം ചെയ്യും. ഈ വർഷം കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കനത്ത തിരിച്ചടി ആയിരുന്നു കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിന്റെ പരാമർശം. ഇനി മുതൽ ജില്ലാ കമ്മിറ്റികളിൽ ആയിരിക്കും തങ്ങളുടെ ശ്രദ്ധയെന്ന് അടുത്തിടെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. പിന്തുടരുന്ന രീതികളിൽ നിന്നും പാർട്ടിയെ ഉടച്ചു വാർക്കുകയാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യം എന്നാണ് സൂചന.
Discussion about this post