ഇംഫാൽ: മണിപ്പൂരിൽ കലാപകാരികൾ കൊള്ളയടിച്ച ആയുധങ്ങൾ തിരികെ എത്തിച്ച് സുരക്ഷാ സേന. ഐഇഡിയും എ.കെ സീരിസിലുള്ള തോക്കുകളും ഉൾപ്പെടൊണ് സുരക്ഷാ സേന കണ്ടെടുത്തത്. നിരവധി കലാപകാരികൾ ആയുധങ്ങളുമായി സുരക്ഷാ സേനയ്ക്ക് മുൻപിൽ കീഴടങ്ങി.
കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കാൻ കഴിഞ്ഞ ദിവസം ഗവർണർ അജയ് കുമാർ ബല്ല ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലാപകാരികൾ ആയുധങ്ങളുമായി കീഴടങ്ങിയത്. എം- 16 റൈഫിൾ, എകെ സീരീസിലുള്ള തോക്കുകൾ, കൈ തോക്കുകൾ, ഗ്രനേഡുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മോർട്ടാർ ഷെൽ, തുടങ്ങി 16 ഓളം ആയുധങ്ങൾ ആണ് സൈന്യത്തിനെ തിരികെ ഏൽപ്പിച്ചത്. ഗവർണറുടെ അഭ്യർത്ഥന പ്രകാരം ഇവർക്കെതിരെ നടപടി സ്വീകരിക്കുകയോ, ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. ചുർച്ചന്ദ്പൂർ ജില്ലയിലാണ് സംഭവം. അടുത്തിടെ കുക്കി, സോമി സാമുദായിക നേതാക്കന്മാരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി ഗവർണർ എത്തിയത്.
ഇതോടൊപ്പം ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ സേന പരിശോധന നടത്തുന്നുണ്ട്. ഇതിൽ 61 കിലോ ഐഇഡി കണ്ടെടുത്തു. മ്യാൻമർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തെങ്ക്‌നോപൽ ജില്ലയിൽ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഇവ പിന്നീട് നിർവ്വീര്യമാക്കി.
അതേസമയം ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും സ്‌ഫോടക ശേഖരം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരും എന്ന് പോലീസ് അറിയിച്ചു. സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ സേന പ്രദേശത്ത് വലിയ ജാഗ്രതയാണ് പുലർത്തുന്നത്.
Leave a Comment