ഇപ്പോഴത്തെ യുവജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഇയർബഡ്സിന്റെയും ഇയർഫോണിന്റെയും ഉപയോഗം . ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോഴും പോലും ഹെഡ്ഫോണുകളിൽ മുഴുകുന്നവരുണ്ട്. കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ലാതെ ഇന്ന് ഇയർഫോണുകളിലും ഹെഡ്ഫോണുകളിലും അടിമകളായിക്കഴിഞ്ഞു. എന്നാൽ അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഇക്കൂട്ടരെ തേടിയെത്തുന്നത്.
ഇയർ ബഡ്സി സിന്റെയും ഇയർഫോണിന്റെയും അമിത ഉപയോഗം യുവജനങ്ങൾക്കിടയിൽ കേൾവിക്കുറവ് ഉണ്ടാക്കുന്നതായുള്ള പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയർഫോണിന്റെയും ബഡ്സിന്റെയും ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം .
ഇയര്‍ ബഡ്‌സിന്റെയും ഇയര്‍ ഫോണിന്റെയും ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. 19-25 വയസ്സിനിടയിൽ പ്രായമുള്ളവരിൽ കേൾവിപ്രശ്നങ്ങൾ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരിൽ 69 ശതമാനവും വർധിച്ചുവെന്നും പഠനത്തിൽ കണ്ടെത്തി. മൊബൈൽ തലമുറയ്ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹെഡ്ഫോണുകളിൽ അഭയം തേടുന്നത് കുറയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ ഉപയോഗം കുറയ്ക്കാത്തപക്ഷം ഹെഡ്ഫോണുകൾക്കു പകരം ശ്രവണസഹായി വെക്കേണ്ട ഘട്ടത്തിലേക്ക് എത്തിച്ചേരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
ഇയർഫോൺ പ്രശ്നമാകുന്നതെങ്ങനെ?
ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കുള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർഡ്രമ്മിലേക്കെത്തുന്നു. അപ്പോൾ ശക്തിയേറിയ കമ്പനങ്ങൾ ആന്തരകർണത്തിലെത്തും. ഇത് സെൻസറി കോശങ്ങൾക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്പോൾ സെൻസറി കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. കേൾവിപ്രശ്നങ്ങൾ വന്നുതുടങ്ങുകയും ചെയ്യും. 30-40 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേൾവിക്കുറവ് തിരിച്ചറിയാനാകൂ.
പരിഹാരം
ഇയർഫോൺ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തിൽ ഉപയോഗിക്കുന്നത് കേൾവിപ്രശ്നങ്ങൾക്ക് സാധ്യത കൂട്ടും. എങ്കിലും ഇയർഫോണുകളെക്കാൾ ഹെഡ്ഫോണുകൾ കുറച്ചുകൂടി അനുയോജ്യമെന്ന് പറയാം.
ഇയർഫോണുകൾ അതിന്റെ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവൂ.
ഒരേസമയം രണ്ട് ചെവിയിലും ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുറച്ചുനേരം ഒരു ചെവിയിൽ ഇയർഫോൺ ഉപയോഗിച്ചാൽ പിന്നീട് കുറച്ചുസമയം അടുത്ത ചെവിയിൽ ഉപയോഗിക്കാം.
ഗുണനിലവാരമുള്ള ഇയർഫോണുകൾ മാത്രം ഉപയോഗിക്കുക.
ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ശബ്ദംകുറഞ്ഞ അളവിലാണെങ്കിലും ദീർഘനാൾ ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകും.
സ്വകാര്യമായ ചുറ്റുപാടിലാണെങ്കിൽ ദീർഘസംഭാഷണങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാം.
ഒരുദിവസം കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കേണ്ടിവന്നാൽ അടുത്ത കുറച്ചുദിവസം ചെവിക്ക് വിശ്രമം നൽകണം.
കേൾവിക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഇ.എൻ.ടി. വിദഗ്ധനെ കാണണം. ഓഡിയോമെട്രിക് ടെസ്റ്റ് വഴി കേൾവിത്തകരാർ കണ്ടെത്താം. നേരത്തേ കണ്ടെത്തിയാൽ പരിഹരിക്കാൻ സാധിക്കും. കേൾവിശക്തി നഷ്ടപ്പെട്ടുതുടങ്ങിയാൽ ഹിയറിങ് എയ്ഡ് ഉപയോഗിക്കേണ്ടിവരും
Leave a Comment