ഊർജ്ജസ്വലമായ ഒരു ദിവസത്തിനായി രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. രാവിലെ വെറും വയറ്റിൽ തക്കാളി ജ്യൂസ് ശീലമാക്കുന്നത് പല ആരോഗ്യഗുണങ്ങളും നൽകുമെന്നാണ് പറയപ്പെടുന്നത്. വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ഊർജ്ജം നൽകുന്നതിനും സഹായിക്കുന്നതാണ്. വെറും തക്കാളി ജ്യൂസ് കുടിക്കുന്നതിലൂടെ മറ്റു നിരവധി ഗുണങ്ങളും നിങ്ങളുടെ ശരീരത്തിന് ലഭിക്കും.
വെറും വയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നത് അവശ്യ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. തക്കാളിക്ക് അസിഡിറ്റി ഉള്ള രുചി ഉണ്ടെങ്കിലും ശരീരത്തിൽ ക്ഷാര സ്വഭാവമാണ് ഇത് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ തക്കാളി ജ്യൂസ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. കൂടാതെ വെറും വയറ്റിലുള്ള തക്കാളി ജ്യൂസിന്റെ ഉപയോഗം കുടലിനെ ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ദഹനവ്യവസ്ഥയെ മെച്ചപ്പെട്ടതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ദഹന എൻസൈമുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. അതിനാൽ തന്നെ ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും മലബന്ധം അകറ്റാനും രാവിലെയുള്ള തക്കാളി ജ്യൂസിന്റെ ഉപയോഗം കൊണ്ട് സാധിക്കുന്നതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തക്കാളി ജ്യൂസ് വളരെ ഗുണം ചെയ്യും. ഇതിൽ കലോറി വളരെ കുറവാണ്. കൂടാതെ തക്കാളി മെറ്റബോളിസം വേഗത്തിലാക്കുകയും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ ഭാരം വേഗത്തിൽ കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും തക്കാളി ജ്യൂസ് വെറും വയറ്റിൽ കഴിക്കുന്നത് ഏറെ ഉപകാരപ്രദമാണ്. തക്കാളി ജ്യൂസിൽ പൊട്ടാസ്യവും ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ്.
Leave a Comment