ബെംഗളൂരു ∙ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവുവും ഭർത്താവും അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് ഇവരിൽ നിന്നും നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. രന്യ റാവുവും ഭർത്താവ് ജതിൻ ഹുക്കേരിയും സ്വർണ്ണ കള്ളക്കടത്തിൽ പങ്കാളികളാണെന്ന് ഡിആർഒ വൃത്തങ്ങൾ അറിയിച്ചു.
കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. ഇതിൽ സംശയംതോന്നിയതിനെ തുടർന്ന് നടി അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു.
സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വൈദ്യപരിശോധനയ്ക്ക് ശേഷം ഡിആർഐ ഉദ്യോഗസ്ഥർ അവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനായി രന്യയെ കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. കേസ് നാടകീയമായ വഴിത്തിരിവിലേക്ക് നീങ്ങിയതോടെ രന്യയുടെ അറസ്റ്റ് സിനിമാലോകത്തെ ഞെട്ടിച്ചു. കന്നഡ ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന നടിയാണ് രന്യ.
രന്യ റാവു ഒരു വലിയ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണോ എന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. എന്നിരുന്നാലും, ഈ വിഷയത്തിൽ ഡിആർഐ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. കന്നഡ സൂപ്പർസ്റ്റാർ സുദീപിന്റെ നായികയായി ‘മാണിക്യ’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ രന്യ റാവു മറ്റ് ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.










Discussion about this post