ലോകവന്യജീവി ദിനത്തിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സഫാരി രാജ്യമെങ്ങും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഗിർവനത്തിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ചതും വന്യജീവികളോടൊത്ത് ഇടപഴകിയതുമെല്ലാം മൃഗസ്‌നേഹികളുടെ മനസ് കവർന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി സന്ദർശിച്ചതോടെ വൻതാര എന്ന വന്യജീവി രക്ഷാ- പുനരധിവാസ -സംരക്ഷണ കേന്ദ്രവും ചർച്ചയാവുകയാണ്. ഏതാണ് മോദി ഉദ്ഘാടനം നിർവഹിച്ച വൻതാര എന്നാണ് ആളുകൾ അന്വേഷിക്കുന്നത്. സിംഹക്കുഞ്ഞുകളെയും കടുവകുഞ്ഞുങ്ങളെയും മടിയിലിരുത്തി പാലൂട്ടി ഓമനിക്കുന്ന നരേന്ദ്രമോദിയുടെ വീഡിയോകളും അപൂർവ്വ സ്പീഷീസിൽ ഉൾപ്പെട്ട ജീവികളെ സന്ദർശിക്കുന്ന ദൃശ്യങ്ങളും ആളുകളിൽ ഒരേസമയം കൗതുകവും അത്ഭുതവും ഉണർത്തി. ഇതോടെ വൻതാ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് സെർച്ചുകളിലൊന്നായി മാറിയിരിക്കുകയാണ്
കഴിഞ്ഞ വർഷം ഇതേസമയത്താണ് റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മകന്റെ വിവാഹസമയത്താണ് ആദ്യമായി വൻ താര എന്ന പേര് ഉയർന്നു കേട്ടത്. മകൻ അനന്ത് അംബാനിയുടെയും പങ്കാളി രാധിക മെർച്ചന്റിന്റെയും സ്വപ്‌ന പദ്ധതിയാണ് വൻതാര. റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും പങ്കാളികളാകുന്ന ബൃഹത്തായ വന്യജീവി സംരക്ഷണ പദ്ധതി 2024 ഫെബ്രുവരി 26 നാണ് പ്രഖ്യാപിച്ചത്. അധികം വൈകാതെ തന്നെയിതാ പദ്ധതി യാഥാർത്ഥ്യമായി കഴിഞ്ഞു.
ഇന്ത്യയിലേയും വിദേശത്തേയും പരിക്കേറ്റതും, ഉപദ്രവിക്കപ്പെട്ടതും, ഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയെല്ലാം ഏറ്റെടുക്കുന്ന സമഗ്രമായൊരു പദ്ധതിയാണ് റിലയൻസ് ഗ്രൂപ്പ് പ്രഖ്യാപിച്ച, ‘വന നക്ഷത്രം’ (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) എന്നർഥം വരുന്ന വൻതാര പ്രോജക്ട്. ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് റിഫൈനറി കോംപ്ലക്സിന്റെ ഗ്രീൻ ബെൽറ്റിൽ വ്യാപിച്ച് കിടക്കുന്ന 3000 ഏക്കറാണ് പദ്ധതി പ്രദേശം. വനത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ പുനഃസൃഷ്ടിക്കുകയാണിവിടെ ചെയ്യുന്നത്.
3000 ഏക്കറിൽ 650 ഏക്കറിലധികം വരുന്ന പ്രദേശത്ത് ഒരു ഗ്രീൻ സുവോളജിക്കൽ, റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ കിംഗ്ഡം വൻതാര സ്ഥാപിച്ചിട്ടുണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങളെ പരിപാലിക്കുന്നതിനായി ഇവിടെ 2,100-ലധികം ജീവനക്കാരുണ്ട്. റോഡപകടങ്ങളിലോ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ഭാഗമായോ പരിക്കേറ്റ 200 ഓളം പുള്ളിപ്പുലികളെ ഇന്ത്യ പലഭാഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തി ഇവിടെ സംരക്ഷിക്കുന്നുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നും ആയിരത്തിലധികം മുതലകളെയും ആഫ്രിക്കയിൽ നിന്നും മെക്സിക്കോയിൽ നിന്നും രക്ഷിച്ച അപൂർവ്വ ഇനം മൃഗങ്ങളും ഇവിടെയുണ്ട്.ഇത്തരം എല്ലാ രക്ഷാ-പുനരധിവാസ ദൗത്യങ്ങളും കർശനമായ നിയമ, നിയന്ത്രണങ്ങൾ അനുസരിച്ചാണെന്നും കമ്പനി അറിയിക്കുന്നു.
വൻതാരയിൽ ആനകൾക്കായി ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, ജലാശയങ്ങൾ, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയെല്ലാമുണ്ട്. കൂടാതെ ആനകളുടെ പരിചരണത്തിനായി മാത്രം 500-ലധികം ആളുകൾ ഉൾപ്പെടുന്ന വിദഗ്ധസംഘമുണ്ട്. ഇവരിൽ മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പരിസ്ഥിതി ശാസ്ത്രജ്ഞർ എന്നിവർ ചേർന്ന സംഘമാണിത്.. ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആന ആശുപത്രികളിലൊന്നാണെന്നാണ് വിവരം. നിലവിൽ ഈ പദ്ധതിയിലൂടെ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതായാണ് കണക്ക്.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ട് ആശുപത്രിക്ക്. മെഡിക്കൽ ഗവേഷണ കേന്ദ്രം, ഐ.സി.യു, എം.ആർഐ, സിടി സ്‌കാൻ, എക്‌സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്‌കോപ്പി, ഡെൻറൽ സ്‌കെലാർ, ലിത്തോട്രിപ്‌സി, ഡയാലിസിസ്, ശസ്ത്രക്രിയ സംവിധാനം, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റർ തുടങ്ങിയവ ആശുപത്രിയുടെ പ്രത്യേകതയാണ്. തിമിര ശസ്ത്രക്രിയയും എൻഡോസ്‌കോപ്പിക് ഗൈഡഡ് സർജറികളും ആശുപത്രിയിൽ നടത്താൻ കഴിയും. സർക്കസുകളിലോ മൃഗശാലകളിലോ വിന്യസിക്കപ്പെട്ടിട്ടുള്ള മറ്റ് വന്യമൃഗങ്ങൾക്കായി, 650 ഏക്കർ വിസ്തൃതിയുള്ള ഒരു റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററും സ്ഥാപിച്ചിട്ടുണ്ട്.ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ തുടങ്ങിയ പ്രശസ്ത രാജ്യാന്തര സർവകലാശാലകളും സംഘടനകളും വൻതാര പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.വൻതാരയുടെ ബൃഹത്തായ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ കേന്ദ്രസർക്കാരും അടുത്തിടെ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. വൻതാരയ്ക്ക് മൃഗസംരക്ഷണ മികവിനുള്ള പ്രാണി മിത്ര പുരസ്‌കാരമാണ് നൽകിയത്
Discussion about this post