കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ, കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം, നേരത്തെ അവഗണിക്കപ്പെട്ടിരുന്ന രാജ്യത്തെ പല പ്രദേശങ്ങളും ഇപ്പോൾ വികസനക്കുതിപ്പിലാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ മുതൽ വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങൾ വരെ ഇതിനു മാതൃകയാണ്. മികച്ച റോഡുകൾ മുതൽ പ്രധാനപ്പെട്ട വ്യവസായ ശാലകൾ വരെ വികസിത ഭാരതത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ഈ കൂട്ടത്തിലെ പുതിയ താരമാവുകയാണ് നമോ ഹോസ്പിറ്റൽ.
ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നീ പ്രദേശങ്ങളുടെ തലസ്ഥാനമായ സിൽവാസ്സയിൽ നിർമ്മിച്ച നമോ ഹോസ്പിറ്റലിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് & റിസർച്ച് സെന്റർ ആണിത്. 460 കോടിയിലധികം രൂപ ചെലവഴിച്ചാണ് കേന്ദ്രസർക്കാർ ഈ ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയേറെ വർഷമായിട്ടും പല കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സേവനങ്ങൾ ഒരു പതിറ്റാണ്ട് മുൻപ് വരെ വളരെ പരിമിതമായിരുന്നു. ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രത്യേകിച്ചും ഗോത്ര വിഭാഗത്തിന് വലിയ അനുഗ്രഹമാണ് ഇപ്പോൾ നമോ ഹോസ്പിറ്റലിലൂടെ കൈവന്നിരിക്കുന്നത്. 450 കിടക്കകളുള്ള എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ആശുപത്രിയാണ് സിൽവാസ്സയിൽ ഒരുക്കിയിരിക്കുന്നത്.
നിരവധി ഗോത്ര വിഭാഗങ്ങൾ ഉള്ള ഒരു പ്രദേശമാണ് സിൽവാസ്സയും അനുബന്ധ മേഖലകളും. സ്വാതന്ത്ര്യത്തിനു മുൻപ് പോർച്ചുഗീസ് അധിനിവേശ മേഖലയായിരുന്നു ഇത്. 1954 ലാണ് ഈ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടത്. നാഗർ ഹവേലിയുടെ വടക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര നഗരമാണ് സിൽവാസ്സ. വർഷങ്ങൾക്കു മുൻപ് വരെ ഒരു ഗോത്ര വിഭാഗ മേഖലയായി കണക്കാക്കപ്പെട്ട്, രാജ്യത്തിന്റെ വലിയ ശ്രദ്ധയൊന്നും ലഭിക്കാതെ കിടന്നിരുന്ന സിൽവാസ്സ നഗരം ഇപ്പോൾ ഒരു വ്യാവസായിക കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. മുൻ കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിൽ വ്യാവസായിക നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ അനുവദിച്ച പ്രാരംഭ നികുതി രഹിത പദവിയാണ് സിൽവാസ്സ ഉൾപ്പെടെയുള്ള ഈ മേഖലയുടെ വികസന കുതിപ്പിന് കാരണമായത്. രാജ്യത്തെ നിരവധി പ്രധാന വ്യാവസായിക കമ്പനികൾ ഇപ്പോൾ ഈ മേഖലയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കാരണമായി.
3,500ലധികം ചെറുകിട, ഇടത്തരം വ്യവസായങ്ങളിൽ നിന്ന് തീരുവ പിരിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇടത്തരം വ്യാവസായിക പ്രദേശങ്ങളിൽ ഒന്നാണ് ഇന്ന് സിൽവാസ്സ. ഇന്ത്യയിലെ തന്നെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ഫാക്ടറികൾ സിൽവാസയിലാണ് സ്ഥിതി ചെയ്യുന്നത്. 2023 ലെ കണക്കനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 4850 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് ഈ മേഖലയിൽ നടപ്പിലാക്കിയിട്ടുള്ളത്. 2025 മാർച്ച് 7ന് പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തിൽ സിൽവാസയിൽ നമോ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം കൂടാതെ 2580 കോടിയിലേറെ രൂപയുടെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
സിൽവാസ്സയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന നമോ ഹോസ്പിറ്റൽ മേഖലയിലെ ആദ്യ മെഡിക്കൽ കോളേജ് ആണ്. വർഷംതോറും ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നീ പ്രദേശങ്ങളിൽ നിന്നുമുള്ള 150 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനസൗകര്യം ഒരുക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് സിൽവാസ്സയിലെ നമോ മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സിൽവാസ്സയിലെ സെയ്‌ലി റോഡിൽ സ്ഥിതിചെയ്യുന്ന 20 ഏക്കർ വിസ്തൃതിയുള്ള ഒരു മനോഹര പ്രദേശത്താണ് നമോ ഹോസ്പിറ്റൽ നിർമ്മിച്ചിട്ടുള്ളത്. മെഡിക്കൽ കോളേജ് കെട്ടിടം, സെൻട്രൽ ലൈബ്രറി, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, ആൺകുട്ടികളുടെ ഹോസ്റ്റൽ, പെൺകുട്ടികളുടെ ഹോസ്റ്റൽ, ഇന്റേൺ ഹോസ്റ്റൽ എന്നിവ ഉൾപ്പെടുന്ന വലിയൊരു ക്യാമ്പസ് ആണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വക്താക്കൾ രാജ്യത്തെ ചെറിയൊരു കേന്ദ്രഭരണ പ്രദേശം മാത്രമായി കണ്ട് അവഗണിച്ചിരുന്ന ഈ മേഖല ഇപ്പോൾ രാജ്യത്തിന്റെ പ്രധാന വ്യാവസായിക ശക്തികേന്ദ്രങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മാർച്ച് ഏഴിന് നമോ ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തിനായി സിൽവാസയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വലമായ സ്വീകരണം ഒരുക്കിയാണ് ഇവിടുത്തെ ജനത തങ്ങളുടെ ജീവിതത്തിന്റെ ഗതി മാറ്റിയതിനുള്ള നന്ദി അറിയിച്ചത്.
Discussion about this post