അഫ്ഗാനിസ്ഥാനുമായുള്ള തർക്കം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ അഫ്ഗാനിസ്ഥാൻ പൗരന്മാരെയും നാടുകടത്താൻ ഒരുങ്ങുകയാണ് പാകിസ്താൻ. എല്ലാ നിയമവിരുദ്ധ വിദേശികളോടും അഫ്ഗാൻ സിറ്റിസൺ കാർഡ് ഉടമകളോടും മാർച്ച് 31 ന് മുമ്പ് രാജ്യം വിടാനാണ് പാകിസ്താൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. പാകിസ്താനിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും മുഴുവൻ ഉത്തരവാദിത്തവും അഫ്ഗാനിസ്ഥാന് ആണെന്നാണ് പാക് ഭരണകൂടത്തിന്റെ നിലപാട്. അതിനാൽ തന്നെ എല്ലാ അഫ്ഗാനിസ്ഥാൻകാരെയും രാജ്യത്തുനിന്നും പുറത്താക്കി പാകിസ്താൻ ശുദ്ധീകരിക്കാനുള്ള നടപടിയാണ് ഇപ്പോൾ പാക് ഭരണകൂടം സ്വീകരിക്കുന്നത്.
“പാകിസ്താൻ ഒരു ദയാലുവായ ആതിഥേയനാണ്, എങ്കിൽപോലും രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളും രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ തയ്യാറാകേണ്ടതുണ്ട്” എന്നാണ് പൗരന്മാരെ നാടു കടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താൻ ആഭ്യന്തരമന്ത്രാലയം പറഞ്ഞത്. ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി കടുത്ത പ്രാദേശിക സംഘർഷങ്ങളും തുടർച്ചയായ ഭീകരാക്രമണങ്ങളും ആണ് പാകിസ്ഥാനിൽ നടക്കുന്നത്. ഇതിനെല്ലാം കാരണം അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ജനങ്ങളാണ് എന്നാണ് പാക് ഭരണകൂടം കുറ്റപ്പെടുത്തുന്നത്. 2023 മുതൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാനുള്ള നടപടികൾ പാകിസ്താൻ സ്വീകരിച്ചിരുന്നു. നിയമപരമായ രേഖകൾ ഇല്ലാതെ കുടിയേറിയ അഫ്ഗാൻ പൗരന്മാരെ ആയിരുന്നു അന്ന് പുറത്താക്കാൻ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഒരു പടിയും കൂടി കടന്ന് അഫ്ഗാനിസ്ഥാൻ സിറ്റിസൺ കാർഡ് ഉള്ളവരെ കൂടി പുറത്താക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം പാകിസ്താനിൽ അഫ്ഗാനിസ്ഥാൻ സിറ്റിസൺ കാർഡ് ഉള്ള 8,00,000-ത്തിലധികം പേരാണ് ഉള്ളത്. ഇതുകൂടാതെ നിയമവിരുദ്ധമായി കുടിയേറിയവരും ധാരാളമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെയാണ് സിറ്റിസൻ കാർഡ് ഉടമകളായ വലിയൊരു വിഭാഗം പാകിസ്താനിലേക്ക് കടന്നിരുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ 20 ലക്ഷത്തിലേറെ അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളെയാണ് പാകിസ്താൻ സ്വീകരിച്ചിട്ടുള്ളത് എന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറിയ ശേഷം താലിബാൻ അധികാരം ഏറ്റെടുത്തതോടെ യഥാർത്ഥത്തിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു പാകിസ്താന് ഉണ്ടായിരുന്നത്. എന്നാൽ അധികാരം ലഭിച്ച താലിബാൻ ആദ്യം വാളെടുത്തത് പാകിസ്താനെതിരെ തന്നെയായിരുന്നു.
താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ അഭയം നൽകിയിട്ടുള്ള തെഹ്‌രീക്-ഇ താലിബാൻ ആണ് പാകിസ്താനിൽ നടക്കുന്ന മിക്ക തീവ്രവാദ ആക്രമണങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്.
2021 മുതൽ നൂറുകണക്കിന് പാകിസ്താൻ സൈനികരെയാണ് തെഹ്‌രീക്-ഇ താലിബാൻ കൊലപ്പെടുത്തിയിട്ടുള്ളത്. പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന പ്രധാന അതിർത്തിയായ 2,500 കിലോമീറ്റർ ദൈർഘ്യമുള്ള തോർഖാമിൽ ഇപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും തെഹ്‌രീക്-ഇ താലിബാൻ ആക്രമണങ്ങൾ നടത്തുന്നത് പതിവാണ്. പാകിസ്താൻ സർക്കാരിന് വലിയ തലവേദനയാണ് ഇത് സൃഷ്ടിക്കുന്നത്.
ഗുരുതരമായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന പാകിസ്താന് അഫ്ഗാനിസ്ഥാനിൽ നിന്നും ഉണ്ടാകുന്ന ഭീകരാക്രമണങ്ങളും തീവ്രവാദി ഭീഷണികളും കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 14 ന് പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിൽ സൈനിക മേധാവി ജനറൽ അസിം മുനീർ, താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിനോട് ഒരു അനുരഞ്ജന ശ്രമം നടത്തിയിരുന്നു. പാകിസ്താനേക്കാൾ കൂടുതൽ പ്രാധാന്യം തെഹ്‌രീക്-ഇ താലിബാന് നൽകരുത് എന്ന് അസിം മുനീർ താലിബാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. തങ്ങളുടെ യഥാർത്ഥ ശത്രുക്കൾക്ക് അഭയവും സഹായവും നൽകുന്ന താലിബാൻ സർക്കാരിന്റെ ഈ നയമാണ് ഇപ്പോൾ പാകിസ്ഥാനിൽ ഉള്ള മുഴുവൻ അഫ്ഗാനിസ്ഥാൻകാരെയും പുറത്താക്കാനുള്ള പാക് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.
Discussion about this post