ബ്രഹ്‌മാവിന്റെ നിർമ്മിതി… ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ആയുധം. പ്രജാപതിയ്ക്കും ഇന്ദ്രനും ചന്ദ്രനും വരുണനും സ്വന്തമായിരുന്ന ഗാണ്ഡീവം. ഒടുവിൽ അർജുനന്റെ കൈകളിൽ എത്തിയ ബ്രഹ്‌മധനുസ് . നൂറ്റാണ്ടുകൾക്ക് ശേഷം ഇതേ കരുത്തിൽ മറ്റൊരു ഗാണ്ഡീവത്തിന് രൂപം നൽകിയിരിക്കുകയാണ് നമ്മുടെ ഭാരതം. ഗാണ്ഡീവ് അഥവാ അസ്ത്ര എംകെ 3.
വായുവിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന അത്യാധുനിക മിസൈൽ ആണ് ഗാണ്ഡീവ. രാജ്യം തദ്ദേശീയമായി നിർമ്മിച്ച അസ്ത്ര മിസൈലുകളിലെ ഇളമുറക്കാരൻ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഈ മിസൈലിന്റെ നിർമ്മാതാക്കൾ. വ്യോമസേനയ്ക്ക് വേണ്ടിയാണ് ഇത് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ഈ മിസൈലിന് കഴിയും. അതുകൊണ്ട് തന്നെ ആകാശത്തിൽ മറഞ്ഞിരിക്കുന്ന ശത്രുക്കളെ കണ്ണിമ ചിമ്മുന്ന നേരത്തിനുള്ളിൽ ചുട്ടുകരിക്കാം. ശബ്ദത്തെക്കാൾ 4.5 മടങ്ങാണ് ഇവയുടെ വേഗതയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
340 കിലോ മീറ്ററാണ് ഗാണ്ഡീവയുടെ പ്രഹരപരിധി. റാംജെറ്റ് എൻജിനാണ് ഈ സൂപ്പർ സോണിക് വേഗം കൈവരിക്കാൻ മിസൈലിനെ പ്രാപ്തമാക്കുന്നത്. ഖര ഇന്ധനം ഉപയോഗിക്കുന്ന റാംജെറ്റ് എൻജിനുകൾ മിസൈലിനെ 300 മുതൽ 350 കിലോമീറ്റർവരെ സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിന് പുറമെയുള്ള കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യ അന്തരീക്ഷത്തിലെ ഓക്സിജനെ ഓക്സിഡൈസറായി മാറ്റും. ഇത് മിസൈലിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
340 ദൂരപരിധിയിൽ സ്ഥിതിചെയ്യുന്ന 20 കിലോമീറ്റർ ഉയരത്തിലുള്ള ശത്രുക്കളെ ഇല്ലാതാക്കാൻ ഗാണ്ഡീവിന് കഴിയും. ഇനി 8 കിലോ മീറ്ററിൽ താഴെയാണ് ശത്രുവെങ്കിൽ 120 ആകും ഈ മിസൈലിന്റെ പ്രഹരപരിധി. റാംജെറ്റ് എൻജിനാണ് വിവിധ ഉയരങ്ങളിലുള്ള ശത്രുക്കൾക്ക് മേൽ പ്രഹരം ചൊരിയാൻ മിസൈലിന് കരുത്ത് നൽകുന്നത്.
ഗാണ്ഡീവയുടെ മുൻഗാമികളായ അസ്ത്ര എം.കെ 1. എംകെ 2 എന്നീ മിസൈലുകൾക്ക് ഗാണ്ഡീവിന്റെ പകുതി ദൂരം മാത്രമാണ് സഞ്ചരിക്കാൻ കഴിയുക. അസ്ത്ര എം.കെ 1 ന് 80 മുതൽ 110 കിലോമീറ്റർവരെയാണ് വരെയാണ് ദൂരപരിധി. 140 മുതൽ 160 കിലോമീറ്റർവരെ ദൂരത്തിലുള്ള ശത്രുക്കളെ ഇല്ലാതാക്കാൻ അസ്ത്ര എം.കെ 2 ന് കഴിയും.
നിലവിൽ റഫേൽ ജെറ്റുകളിൽ ഉപയോഗിക്കുന്ന ഫ്രഞ്ച് എംബിഡിഎ മെറ്റയോർ, ബിവിആർ എയർ ടു എയർ മിസൈലുകൾ എന്നിവയാണ് ഇന്ത്യയുടെ കൈവശമുള്ളവയിൽ പ്രഹരപരിധി കൂടുതലുള്ള എയർ ടു എയർ മിസൈലുകൾ. 200 കിലോ മീറ്റർ ആണ് ഇവയുടെ ദൂരപരിധി. ഗാണ്ഡീവ് വ്യോമസേനയുടെ സുഖോയ് 30 എംകെഐ, എൽസിഎ തേജസ് എന്നീ യുദ്ധവിമാനങ്ങളിലാണ് ഉപയോഗിക്കാൻ സാധിക്കുക.
കരുത്തിൽ ചൈനയുടെ അത്യാധുനിക മിസൈൽ ആയ പിഎൽ 15 ഉം അമേരിക്കയുടെ എഐഎം-174 ഉം ഗാണ്ഡീവിന് മുൻപിൽ തോറ്റ് പോകും. ചൈനയുടെ ഏറ്റവും കരുത്തുറ്റ എയർടുഎയർ മിസൈൽ ആയ പിഎൽ 15 ന്റെ പ്രഹര പരിധി 300 കിലോ മീറ്ററാണ്. അമേരിക്കയുടെ എഐഎം 174 ബിവിആർഎഎം മിസൈലിന്റേത് ആകട്ടെ 240 കിലോ മീറ്ററും. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ പ്രഹരപരിധി ഏറ്റവും കൂടുതലുള്ള എയർ ടു എയർ മിസൈൽ കൈവശം ഉള്ളത് ഇന്ത്യയ്ക്കാണെന്ന് സാരം. അതുകൊണ്ട് തന്നെ ആകാശയുദ്ധത്തിൽ ശത്രുക്കൾക്കെതിരെ പോരാടാൻ ഗാണ്ഡീവ് ഇന്ത്യയ്ക്ക് മുതൽകൂട്ട് ആണ്.
ഇന്ത്യയുടെ പക്കലുള്ള ഗാണ്ഡീവ് ചൈനയുടെയും പാകിസ്താന്റെയും മുട്ടിടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാണ്ഡീവിന്റെ അസാമാന്യവേഗത തന്നെയാണ് ഇതിൻെ കാരണവും. യഥാർത്ഥത്തിൽ ഗാണ്ഡീവം ഒരു ഹൈപ്പർസോണിക് മിസൈൽ ആണെന്നാണ് സൂചന. ശബ്ദത്തെക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന മിസൈലുകളാണ് ഹൈപ്പർസോണിക് മിസൈലുകൾ.
ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന എന്തും ഭയമുളവാക്കുന്നതാണ്. ഇന്ത്യയുടെ ഗാണ്ഡീവത്തിന്റെ വേഗമാകട്ടെ ശബ്ദത്തെക്കാൾ 4.5 ഇരട്ടിയും. എന്നാൽ ഇതിന്റെ യഥാർത്ഥ വേഗം ശബ്ദത്തെക്കാൾ അഞ്ച് മടങ്ങാണെന്നാണ് അനൗദ്യോഗിക വിവരം. ധർമ്മത്തിനായി പോരാടിയ ശക്തമായ യോദ്ധാവാണ് അർജുനൻ. അർജുനന്റെ പോരാട്ടങ്ങൾക്ക് കരുത്തേകിയ, വിജയങ്ങൾക്ക് സാക്ഷിയായ വില്ല് ഇന്ന് രാജ്യം കാക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
Discussion about this post