അങ്ങനെ അജ്ഞാതർ വീണ്ടും പണിതുടങ്ങി. പാകിസ്താന് ഒരു വിക്കറ്റ് കൂടി നഷ്ടം. ഭീകരൻ മുഫ്തി ഷാ മിറാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഏറ്റവും അവസാനമായി കൊല്ലപ്പെട്ടിരിക്കുന്നത്.ഇന്ത്യയുടെ നാവിക സേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ കുടുക്കിയ അതിബുദ്ധിയുടെ കേന്ദ്രമായ മുഫ്തിയുടെ കൊലപാതകം പാകിസ്താനെ ഞെട്ടിച്ചിട്ടുണ്ട്.
പാകിസ്താൻ മതപണ്ഡിതന്റെ കുപ്പായത്തിൽ ഒളിപ്പിച്ച ഭീകരനാണ് മുഫ്തി. ബലൂചിസ്താൻ പ്രവിശ്യയിലെ കെച്ചിൽ വച്ചാണ് മുഫ്തിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയിലെ പ്രാർത്ഥനകൾക്ക് ശേഷം മസ്ജിദിൽ നിന്നും മടങ്ങുകയായിരുന്നു. ഇതിനിടെ മോട്ടോർ സൈക്കിളുകളിൽ എത്തിയ ആളുകൾ മുഫ്തിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ മുഫ്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകൾ തറച്ചുകയറിയാണ് മരണം എന്നാണ് റിപ്പോർട്ടുകൾ. മുഫ്തിയെ വകവരുത്തിയ അജ്ഞാതരെ തേടി പാകിസ്താൻ പോലീസ് ഇറങ്ങിയിട്ടുണ്ട്.
പാകിസ്താൻ ചാരസംഘടനയായ ഇന്റർസർവ്വീസസ് ഇന്റലിജൻസിലെ പ്രധാന ഏജന്റ് ആണ് മുഫ്തി. ജാമിയത് ഉൽമ ഇ ഇസ്ലാം എഫിന്റെ നേതാവ് കൂടിയാണ്. കഴിഞ്ഞ ദിവസം ജെയുഐ എഫിന്റെ രണ്ട് നേതാക്കൾ ഖുസ്ദാറിൽവച്ച് സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് പിന്നാലെയാണ് അജ്ഞാതരുടെ ആക്രമണം മുഫ്തിയ്ക്ക് നേരെ ഉണ്ടായത്.
പാകിസ്താൻ ചാരസംഘടനയ്ക്ക് വേണ്ടി നിരവധി ആക്രമണങ്ങളാണ് മുഫ്തിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്.
ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ ഇറാനിൽ തട്ടിക്കൊണ്ട് വന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രധാനി മുഫ്തി ആയിരുന്നു. 2016 ൽ ആയിരുന്നും ഇറാൻ- പാകിസ്താൻ അതിർത്തിയിൽ നിന്നും കുൽഭൂഷൻ ജാദവിനെ മുഫ്തിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് വന്നത്. ഇറാനിലെ ചബഹാറിൽ വ്യാപാരം നടത്തിവരികയായിരുന്നു കുൽഭൂഷൻ. ഇതിനിടെയാണ് പാകിസ്താനിലേക്ക് അദ്ദേഹത്തെ കടത്തിക്കൊണ്ടുവന്നത്. തുടർന്ന് ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ചാരസംഘടനയ്ക്ക് വേണ്ടി ആയുധ ഇടപാടിന് ചുക്കാൻ പിടിച്ചതും മുഫ്തിയാണ്. ആയുധങ്ങൾക്ക് പുറമേ നാർക്കോട്ടിക് ജിഹാദ് വ്യാപിപ്പിക്കുന്നതിലും പങ്കുവഹിച്ചു. ബലൂചിസ്ഥാനിലെ പോരാളികളിൽ നിരവധി പേരെയാണ് മുഫ്തിയുടെ നേതൃത്വത്തിൽ കൂട്ടക്കൊല ചെയ്തിട്ടുള്ളത്.
കുൽഭൂഷൻ ജാദവിനെ തട്ടിക്കൊണ്ട് വന്ന സംഘത്തിലെ പ്രധാനിയായ മുല്ല ഒമർ ഇറാനിയെ 2020 ൽ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഫ്തിയുടെ ഊഴം. നേരത്തെ രണ്ട് തവണ മുഫ്തിയെ വധിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ തലനാരിഴയ്ക്ക് രണ്ട് തവണയും രക്ഷപ്പെടുകയായിരുന്നു.
അടുത്ത കാലത്തായി അജ്ഞാതർ പാകിസ്താനിലെ ഭീകരർക്ക് ഉണ്ടാക്കിയിട്ടുള്ള തലവേദന ചെറുതൊന്നുമല്ല. പുറത്തിറങ്ങിയാൽ തട്ടുമോയെന്ന് ഭയന്ന് വീടിന് അകത്ത് തന്നെ ഇരിക്കാമെന്ന് വിചാരിച്ചാലും രക്ഷയില്ല. വീട്ടിൽ കയറിയൊക്കെയാണ് അജ്ഞാതർ പണി കൊടുക്കുന്നത്. ഏകദേശം ഇരുപതോളം ഭീകരരെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ അജ്ഞാതർ വധിച്ചത്.
Discussion about this post