കാലചക്രം കറങ്ങുമ്പോൾ ഭൂമിയിലെ എല്ലാ മേഖലകളിലും മാറ്റങ്ങൾ അനിവാര്യമാണ്. ഒരുകാലത്ത് ചവിട്ടി താഴ്ത്തിയവർക്കെല്ലാം മേലെ ഉയർന്ന് ഒരു മഹാവൃക്ഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഭാരതമാണ് ഇന്ന് ലോകത്തിനു മുൻപിലുള്ളത്. ഒരിക്കൽ ഭാരതത്തെ അടിച്ചമർത്തി രാജാവായി വാണിരുന്ന ബ്രിട്ടൻ ഇന്ന് നവയുഗ ഭാരതത്തിനു മുൻപിൽ തലകുനിച്ചു നിൽക്കുകയാണ്. ഇനി ഇന്ത്യയാണ് ഒരേയൊരു ആശ്രയം എന്ന് ബ്രിട്ടൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ തങ്ങളുടെ പുതിയ വളർച്ച പദ്ധതിയിൽ രാജ്യത്തിന്റെ പ്രധാന ഉറവിട വിപണിയായി ഇന്ത്യയെ ആണ് ലണ്ടൻ അവതരിപ്പിച്ചിരിക്കുന്നത്.
ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നായ ലണ്ടൻ ഇന്ന് ഇന്ത്യയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. കഴിഞ്ഞ മൂന്നുവർഷത്തോളമായി ലണ്ടനിലെ ഏറ്റവും വലിയ ഒറ്റ എഫ്ഡിഐ സ്രോതസ്സ് വിപണിയായി യുഎസിനെ മറികടന്ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യയുടെ വിപണി സ്രോതസിനെയും നിക്ഷേപങ്ങളെയും ആശ്രയിച്ചാണ് ഇന്ന് ലണ്ടൻ തങ്ങളുടെ ഭാവി പദ്ധതികൾ തയ്യാറാക്കുന്നത്. അടുത്തിടെ, ലണ്ടൻ മേയർ സാദിഖ് ഖാൻ ‘ഗ്രോത്ത് പ്ലാൻ’ എന്ന ഒരു വളർച്ച പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയിൽ അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്ന ഒരു കാര്യം തങ്ങളുടെ വിദേശനിക്ഷേപത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് ഇന്ത്യയാണ് എന്നുള്ളതാണ്.
അടുത്ത ദശകത്തിൽ ലണ്ടന്റെ സമ്പദ്‌വ്യവസ്ഥ 107 ബില്യൺ പൗണ്ട് വികസിപ്പിക്കാനും പൊതു സേവനങ്ങൾക്കായി 27 ബില്യൺ പൗണ്ട് അധിക നികുതി സമാഹരിക്കാനും ലക്ഷ്യമിടുന്നതാണ് മേയർ സാദിഖ് ഖാൻ അവതരിപ്പിച്ചിരിക്കുന്ന ‘വളർച്ചാ പദ്ധതി’. ലണ്ടന്റെ ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ ഇന്ത്യയുടെ വലിയ സംഭാവന കൂടിയേ തീരൂ. ഇന്ത്യൻ നിക്ഷേപത്തെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരായ പ്രൊഫഷണലുകളെയും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ലണ്ടന് ആവശ്യമുണ്ട്. അതായത് ഇന്ത്യക്കാരുടെ പണവും ഇന്ത്യക്കാരുടെ ബുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ ലണ്ടന് സ്വപ്നം കാണുന്ന വളർച്ച കൈവരിക്കാൻ കഴിയുകയുള്ളൂ.
നിലവിൽ ലണ്ടനിലെ ഏറ്റവും വലിയ നിക്ഷേപസ്രോതസ്സ് ഇന്ത്യയിൽ നിന്നുള്ള വിദേശനിക്ഷേപമാണ്. കഴിഞ്ഞ രണ്ടു വർഷമായി ലണ്ടൻ വിപണിയെ അടക്കിഭരിക്കുന്നത് ഇന്ത്യൻ നിക്ഷേപകർ തന്നെയാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി ടെക് കമ്പനികൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും ലണ്ടൻ ലക്ഷ്യമിടുന്നു. ബ്രിട്ടന്റെ വരുമാനസ്രോതസ്സിന്റെ കാതലായ ഒരു ഭാഗം സമ്മാനിക്കുന്നതിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വലിയ പങ്കുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അനുസരിച്ച് മാത്രം 38,625 ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് ലണ്ടനിൽ പഠിക്കുന്നത്. ലണ്ടനിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർഥികളുടെ 20% ആണ് ഇന്ത്യക്കാരായി ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിൽ ഈ വിദ്യാർത്ഥികളുടെ പങ്ക് ഒട്ടും ചെറുതല്ല. ലണ്ടന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇവർ വലിയ പങ്കു നൽകുന്നുണ്ട്. കൂടാതെ ബ്രിട്ടനിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ മികച്ച സംഭാവനകൾ നൽകുന്നത് ഇന്ത്യൻ ഐടി കമ്പനികൾ ആണ്. ഇന്ത്യയിൽ വേരുകളുള്ള പല ടെക് കമ്പനികളും തങ്ങളുടെ രണ്ടാമത്തെ ഭവനമായി കാണുന്നത് ലണ്ടനെയാണ്. ഈ കാരണങ്ങളാൽ കൊണ്ട് തന്നെ ലണ്ടൻ സമ്പദ് വ്യവസ്ഥ ഇന്ന് ഇന്ത്യയെ വലിയ അളവിൽ ആശ്രയിക്കുന്നു. ചുരുക്കത്തിൽ ഒരുകാലത്ത് ഇന്ത്യയെ തങ്ങളുടെ കോളനിയാക്കി അടിച്ചമർത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് ജനത ഇന്ന് ഇന്ത്യക്കാരായ പ്രതിഭകളുടെ കഴിവുകൾ കൊണ്ടും പണം കൊണ്ടുമാണ് ഇന്ന് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നത്.
Discussion about this post