ദിവസം ചൊല്ലുംതോറും ചൂട് കൂടിക്കൂടി വരുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉൾപ്പെടെ കാണാൻ കഴിയുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ചൂടിനോടൊപ്പം തന്നെ ഉയർന്ന ഹ്യുമിഡിറ്റിയും വലിയ രീതിയിൽ വില്ലൻ ആകുന്നുണ്ട്. കടുത്ത ഉഷ്ണത്താൽ വലയുകയാണ് ജനങ്ങൾ. പുറമേ ജോലി ചെയ്യുന്നവരുടെ കാര്യം പറയുകയേ വേണ്ട, വിയർത്തു തളർന്നാണ് മിക്കവരും വീടുകളിലേക്ക് മടങ്ങുന്നത്. വൈകിട്ട് അഞ്ചു മണിയായാൽ പോലും ചൂടും ഉഷ്ണവും കുറയാത്ത സാഹചര്യം ആണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത് കൂടാതെ ചൂട് കടുത്തതോടെ വർധിക്കുന്ന വൈദ്യുതി ബില്ലിനെ കുറിച്ചുള്ള ആശങ്കയും മലയാളികളെ തളർത്തുന്നു.
കേരളത്തിൽ ഇപ്പോൾ വേനലിന്റെ ആരംഭം മാത്രമേ ആയിട്ടുള്ളൂ. അടുത്തമാസത്തോടെ വേനൽ കടുക്കുമ്പോൾ ഉഷ്ണ തരംഗത്തിനും സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. ചൂട് കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആരോഗ്യ കാര്യത്തിലും വലിയ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. കടുത്ത ചൂടും ഉഷ്ണവും അനുഭവപ്പെടുമ്പോൾ നമ്മുടെ ആന്തരികാവയവങ്ങൾ അടക്കം വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ചൂടുകാലത്ത് എന്തൊക്കെ കാര്യങ്ങളാണ് ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
അമിതമായി ചൂട് കൂടുന്നത് ഏതൊരു മനുഷ്യന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. എങ്കിലും 65 വയസ്സിനു മുകളിലുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, ഗുരുതരമോ വിട്ടുമാറാത്തതോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരാണ് കൂടുതൽ അപകട സാധ്യതയുള്ളവർ. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള പെട്ടെന്ന് അനുഭവപ്പെടുന്ന ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒറ്റയ്ക്ക് താമസിക്കുന്നവരും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നവരും പ്രത്യേക കരുതൽ സ്വീകരിക്കേണ്ടതാണ്. കൂടാതെ നിലവിൽ വൃക്ക സംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരും ചൂടുകാലത്ത് പ്രത്യേക ശ്രദ്ധ പുലർത്തണം.
ചൂടുള്ള കാലാവസ്ഥയിൽ, നമ്മുടെ ശരീരം വിയർക്കുന്നതിലൂടെയും ചർമ്മത്തിലേക്കുള്ള രക്തയോട്ടം തിരിച്ചുവിടുന്നതിലൂടെയും അമിതമായി ചൂടാകുന്നത് തടയാൻ പ്രവർത്തിക്കുന്നു. ചർമ്മത്തിലേക്കുള്ള രക്തയോട്ടം തിരിച്ചുവിടുന്നത് ഹൃദയം സാധാരണയേക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നതിന് കാരണമാകുന്നു. ഹൃദയ പ്രശ്നങ്ങളുള്ള ആളുകൾക്ക് ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ചൂട് കൂടുന്നതുമൂലം ശരീര താപനിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നത് ആന്തരികവേഗങ്ങളെ ദോഷകരമായും ബാധിക്കുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ദ്രാവക നഷ്ടം നികത്താൻ കഴിഞ്ഞില്ലെങ്കിൽ വിയർപ്പ് വർദ്ധിക്കുകയും നിർജ്ജലീകരണം ഉണ്ടാവുകയും ചെയ്യും. നിർജ്ജലീകരണം ബലഹീനതയ്ക്കും ബോധക്ഷയത്തിനും കാരണമാകുന്നതാണ്. ഈ കാരണങ്ങളാൽ തന്നെ ചൂടുകാലത്ത് ശരീരത്തിന് പ്രത്യേകശ്രദ്ധ നൽകിയില്ലെങ്കിൽ വലിയ അപകടം ആവും ക്ഷണിച്ചു വരുത്തുന്നത്.
നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ താപനില നിലനിർത്താൻ സ്വയം തണുപ്പിക്കാൻ കഴിയാതെ വരുമ്പോഴോ, വിയർപ്പ് മൂലം നിർജ്ജലീകരണം സംഭവിക്കുമ്പോഴോ ആണ് ചൂടുമായി ബന്ധപ്പെട്ട കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ശരീരത്തിൽ തണുപ്പ് നിലനിർത്തുക, ജലാംശം നിലനിർത്തുക എന്നീ വഴികൾ ആണ് ചൂടുകാലത്ത് ശരീരത്തെ സംരക്ഷിക്കുന്നതിനായി പ്രത്യേകം സ്വീകരിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി കഴിക്കുക, കുളി, നീന്തൽ തുടങ്ങി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നീ വഴികളിലൂടെയാണ് ചൂടിനെ നേരിടേണ്ടത്.
നിർജലീകരണം ഉണ്ടാകുമ്പോൾ കടുത്ത ദാഹം, വായ വരളുക, മൂത്രത്തിന്റെ അളവ് കുറയുക, തലവേദന, തലകറക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഉണ്ടാകാറുള്ളത്. ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ഒരു തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം മറ്റു ദ്രാവകങ്ങളോ ധാരാളമായി കുടിക്കുക, തണുത്ത വെള്ളത്തിൽ തുണി നനച്ച് ദേഹം തുടയ്ക്കുക എന്നീ കാര്യങ്ങളും ചെയ്യേണ്ടതാണ്. ഇത്രയും ചെയ്തിട്ടും പ്രശ്നങ്ങൾക്ക് കുറവില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്.
ഇത്തരത്തിൽ ശരീരത്തെ ശ്രദ്ധയോടെ പരിപാലിച്ച് നമുക്ക് എല്ലാവർക്കും ഈ കടുത്ത ചൂടുകാലത്തെ നേരിടാം.
Discussion about this post