ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുവർണലിപികളിലെഴുതി ചേർക്കാൻ ഇതാ ഒരു പുതിയ അദ്ധ്യായം.ഹരിതവിപ്ലവത്തിലൂന്നിയുള്ള ചൂളം വിളിക്ക് കാതോർത്തിരിക്കുകയാണ് നമ്മുടെ രാജ്യം. ഇന്ത്യ അക്ഷമയോടെ കാത്തിരുന്ന ഹൈഡ്രജൻ ട്രെയിൻ ഇതാ തയ്യാറായിരിക്കുകയാണ്. റെയിൽവേയുടെ സ്വപ്നപദ്ധതികളിലൊന്നായ ഹൈഡ്രജൻ ട്രയിൻ സർവ്വീസ് ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഡൽഹി ഡിവിഷനിൽ ജിന്ദ് – സോണിപത്ത് റൂട്ടിൽ ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. 89 കിലോമീറ്റർ ദൈർഘ്യമാണ് ഈ റൂട്ടിനുള്ളത്. 140 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈഡ്രജൻ ട്രെയിൻ. 2,638 യാത്രക്കാരെ വഹിക്കാൻ കഴിയുള്ള തരത്തിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെട്രോ നഗരങ്ങളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായകമാകും. സുരക്ഷയും സൗകര്യവും: നൂതന സാങ്കേതിക നിയന്ത്രണങ്ങൾ, കുറഞ്ഞ ശബ്ദത്തിലുള്ള പ്രവർത്തനം, പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യകൾ എന്നിവയെല്ലാം ഈ ട്രെയിനിന്റെ സവിശേഷതകളാണ്.
ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് ട്രെയിൻ ഓടുക. ഫ്യുവൽ സെൽ എന്ന ഇലക്ട്രോ കെമിക്കൽ സെല്ലുകളിലാണ് ഹൈഡ്രെൽ പ്രവർത്തിക്കുക. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന കെമിക്കൽ എനർജിയെ വൈദ്യുതിയാക്കി മാറ്റുന്ന സെല്ലാണ് ഫ്യുവൽ സെൽ. ഫ്യുവൽ സെൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മോട്ടോറിലേക്ക് കടത്തി വിട്ട് വാഹനത്തെ ചലിപ്പിക്കും. ഈ രാസ സംയോജനത്തിന്റെ ഉപോൽപന്നം ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന ജലം മാത്രമാണ്. ഈ ജലം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളും.
ചെന്നൈയിലെ പെരമ്പൂരിലുള്ള റെയിൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ആണ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ നിർമിച്ചത്. ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്കു കീഴിൽ 35 ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. അന്തരീക്ഷ മലിനീകരണവും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിക്കുന്നത്. ഇതിനായി 2023-24 വർഷങ്ങളിൽ 2800 കോടി രൂപയാണ് റെയിൽവേ മന്ത്രാലയം വകയിരുത്തിയത്.
ഹൈഡ്രജൻ ട്രെയിനുകളിലൂടെ ഹരിത ട്രെയിൻ എന്ന ആശയത്തിനാണ് പ്രധാനമായും കേന്ദ്രസർക്കാർ, ഊന്നൽ നൽകുന്നത്.2030 ഓടെ നെറ്റ് സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമങ്ങൾക്ക് ഈ പദ്ധതി കരുത്തേകും. ഒരു ഡീസൽ ട്രെയിൻ ഒരു വർഷം ഏകദേശം ടൺ കണക്കിന് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ട്. ഹൈഡ്രജൻ ട്രെയിനിലൂടെ ഈ മലിനീകരണം ഒഴിവാക്കാൻ സാധിക്കുമെന്നത് സുപ്രധാനനേട്ടമാണ്. ഓസോൺ പാളിക്ക് കോട്ടം വരുത്തുന്ന കാർബൺ ഡയോക്സൈഡിനെ പുറംതള്ളുന്നില്ല എന്നത് കൂടാതെ ജലം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഹൈഡ്രജൻ ട്രെയിനിന്റെ മറ്റൊരു സവിശേഷത. ഈ ട്രെയിൻ നമ്മുടെ പാളങ്ങളിലൂടെ യാത്ര ആരംഭിക്കുന്നതോടെ സുസ്ഥിരമായ, പരിസ്ഥിതി സൗഹൃദമായ ഗതാഗതമാർഗങ്ങൾ അവലംബിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമ്മനി, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും എത്തും. സമസ്ത മേഖലകളിലും മുദ്രപതിപ്പിച്ച് കുതിക്കുന്ന ഭാരതത്തിന് ഹൈഡ്രജൻ ട്രെയിൻ സർവ്വീസ് ഒരു പൊൻതൂവലാകുമെന്നതിൽ സംശയമില്ല
Discussion about this post