പാസ്റ്ററും അനുയായികളും കൂട്ടത്തോടെ മതം മാറിയതോടെ പള്ളി അമ്പലമായി മാറി. രാജസ്ഥാനിലെ ബൻസ്വാഡ ജില്ലയിലെ സോദ്‌ല ഗുഡ ഗോത്രവർഗ ഗ്രാമത്തിലാണ് സംഭവം. പള്ളി, ഭൈരവ പ്രതിഷ്ഠ നടത്തിയാണ് വിശ്വാസികൾ ക്ഷേത്രമാക്കി മാറ്റിയത്. പള്ളിയിലെ പാസ്റ്ററായ ഗൗതം ഗരാസിയയും പ്രദ്ശത്തെ 80 ക്രിസ്ത്യൻ കുടുംബങ്ങളുമാണ് ഹിന്ദുമതത്തിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ച ഗോത്രവർഗക്കാരാണ് ഇപ്പോൾ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്.
30 വർഷം മുൻപാണ് ഗൗതം ഗരാസിയ ക്രിസ്തുമതം സ്വീകരിച്ച് പാസ്റ്ററായത്. ഈ ഗ്രാമത്തിൽ ക്രിസ്തുമതത്തിലേക്ക് മാറുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. പതിയെ ഗ്രാമവാസികളായ ഗോത്രവർഗക്കാർ ഇദ്ദേഹത്തിന്റെ സ്വാധീനവലയത്താൽ ക്രിസ്തുമതം സ്വീകരിക്കാൻ ആരംഭിച്ചു. തുടർന്ന് ഗ്രാമവാസികൾ ചേർന്ന് അദ്ദേഹത്തെ പാസ്റ്ററായി നിയമിച്ചു.ആദ്യമൊക്കെ സ്വന്തം വീട്ടിലായിരുന്നു പാസ്റ്റർ പ്രാർത്ഥനായോഗങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നത്. പിന്നീട് മൂന്ന് വർഷം മുൻപാണ് പള്ളി പണിയാൻ തീരുമാനിച്ചത്. തുടർന്ന് സ്വന്തം ഭൂമിയിൽ പള്ളി പണിയുകയും കുരിശ് സ്ഥാപിച്ച് പ്രാർത്ഥന ആരംഭിക്കുകയും ചെയ്യുകയായിരുന്നു. 125 വർഷം മുൻപ് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തായിരുന്നു ഗൗതം ചില സംഘടനകളുടെ ധനസഹായത്താൽ പള്ളി പണിതത്. ഈ പള്ളിയിലാണ് ഇപ്പോൾ ഭൈരവപ്രതിഷ്ഠ നടത്തി വിശ്വാസികൾ ആരാധന ആരംഭിച്ചിരിക്കുന്നത്.
തന്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ ഏകദേശം ഒന്നര വർഷം മുമ്പ് ഒരു ഘർ വാപസി നടത്തിയെന്നാണ് ഗൗതം പറയുന്നത്. തന്റെ പഴയ മതത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. തന്നോടൊപ്പം മുൻപ് ക്രിസ്ത്യൻ മതം സ്വീകരിച്ചവരെല്ലാം തന്നെ ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയതായും അദ്ദേഹം വ്യക്തമാക്കുന്നു. വൈദേശികമായ വിശ്വാസങ്ങളിൽ നിന്ന് തനതായ വിശ്വാസത്തിലേക്ക് തിരിച്ചു വരുകയാണെന്നും ഇനിയും നിരവധി പേർ സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തുമെന്നും ഗൗതം അറിയിച്ചു.
ക്രിസ്തുമതത്തിലേക്ക് മാറാതെ സനാതന ധർമ്മത്തിൽ വിശ്വസിച്ചിരുന്ന ഗോത്രവിഭാഗത്തിലെ ആളുകളാണ് ഈ മാറ്റത്തിനു വഴിയൊരുക്കിയത്. മതം മാറിയവരെ കണ്ട് സനാതന ധർമ്മ വിശ്വാസങ്ങളെക്കുറിച്ച് നിരന്തരം നടത്തിയ ഉദ്ബോധനങ്ങളാണ് മാറ്റത്തിനു വഴിയൊരുക്കിയതെന്ന് ഗ്രാമവാസികൾ പറയുന്നു. . ഞായറാഴ്ച നടന്ന ഭൈരവ പ്രതിഷ്ഠാ ചടങ്ങിന് മുമ്പ്, ‘ജയ് ശ്രീറാം’ മന്ത്രങ്ങളുടെ അകമ്പടിയോടെ, വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു.
Discussion about this post