ഭാരതത്തിന്റെ സിരകളാണ് നദികൾ. ഉപജീവനത്തിന് വഴിയൊരുക്കുന്ന ഓരോ നദിയും നിധിയാണ്. എന്നാൽ അക്ഷരാർത്ഥത്തിൽ നിധിയെ വഹിക്കുന്ന ഒരു നദിയുണ്ട് നമ്മുടെ രാജ്യത്ത്. അൽപ്പം ഐതിഹ്യവും അൽപ്പം ശാസ്ത്രവും കൂടിച്ചേർന്ന് ഈ നദി ഇന്ത്യയുടെ ഹൃദയഭാഗത്ത് കൂടി ഇപ്പോഴും ഒഴുകുകയാണ്.
ഝാർഖണ്ഡിൽ പിറവിയെടുത്ത സ്വർണരേഖയെക്കുറിച്ചാണ് ഈ പറയുന്നത്. ഈ നദിയിൽ വെള്ളത്തോടൊപ്പം സ്വർണവും ഒഴുകുന്നുണ്ടെന്നാണ് ഇവിടുത്തുകാർ പറയുന്നത്. അതുകൊണ്ട് ഇവിടുത്തുകാർ സ്വർണം തേടി നദിക്കരയിൽ ചിലവഴിക്കാറുണ്ട്.
റാഞ്ചിയ്ക്ക് സമീപമുള്ള പിക്‌സ എന്ന ഗ്രാമത്തിൽ നിന്നാണ് സ്വവർണരേഖയുടെ ഉത്ഭവം. സുബർണരേഖയെന്നാണ് ഈ നദി വ്യാപകമായി അറിയപ്പെടുന്നത്. ഇന്ത്യയിൽ കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ നദി സുബർണരേഖയാണ്. ബംഗാൾ ഉൾക്കടലാണ് സ്വർണരേഖയുടെ ലക്ഷ്യസ്ഥാനം.
ഝാർഖണ്ഡിന് പുറമേ ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെയും ഈ നദി ഒഴുകുന്നു. ജംഷഡ്പൂർ, ചായ്ബസ, റാഞ്ചി എന്നിവയാണ് നദിയൊഴുകുന്ന പ്രധാന നഗരങ്ങൾ. ഒഡീഷയിലെത്തുന്ന ഈ നദി കിർത്താനിയ തുറമുഖത്തിൽവച്ചാണ് ബംഗാൾ ഉൾക്കടലുമായി കൂടിച്ചേരുക. 395 കിലോ മീറ്ററാണ് നദിയുടെ നീളം. 18,951 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്വർണരേഖ പരന്ന് കിടക്കുന്നു.
മഹാഭാരതകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന നദിയാണ് സ്വർണരേഖ. നദിയിലെ വെള്ളത്തിൽ സ്വർണം കലർന്നതും മഹാഭാരത കാലത്താണെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. നദിയെച്ചുറ്റിപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെയാണ്.
അർജുനനാണ് ഈ നദിയുടെ ഉത്ഭവത്തിന് കാരണമായത് എന്നാണ് വിശ്വാസം. വനവാസ കാലത്ത് പാണ്ഡവർ ഈ പ്രദേശത്ത് എത്തിയിരുന്നു. ഇവിടെ സമയം ചിലവിടുന്നതിനിടെ കുന്തി ദേവിയ്ക്ക് കലശലായ ദാഹം അനുഭവപ്പെട്ടു. ഇതോടെ മക്കളോട് വെള്ളം എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ എത്രയൊക്കെ തിരഞ്ഞിട്ടും വെള്ളം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ അർജുനനോട് തനിക്ക് വെള്ളം എത്തിക്കാൻ നിർബന്ധം പറയുകയായിരുന്നു.
ഇതോടെ അമ്മയുടെ അനുവാദത്തോടെ അമ്പെടുത്ത് അദ്ദേഹം മണ്ണിലേയ്ക്ക് എയ്തു. ഇതോടെ ആ പ്രദേശത്ത് നീളത്തിലുള്ള വലിയ കുഴി രൂപപ്പെടുകയും അതിൽ വെള്ളം നിറഞ്ഞ് ഒഴുകാൻ ആരംഭിക്കുകയും ആയിരുന്നു. ഇതിനൊപ്പം ചെറിയ സ്വർണത്തിന്റെ തരികളും പ്രത്യക്ഷപ്പെട്ടു. അന്ന് മുതൽ ഈ നദി സ്വർണ രേഖയെന്ന് അറിയപ്പെട്ടു. അർജുനന്റെ അമ്പിന്റെ ചൈതന്യത്താലാണ് സ്വർണത്തരികൾ വെള്ളത്തിൽ കലർന്നത് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഈ നദിയുടെ കഥയറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടേയ്ക്ക് എത്താറുണ്ട്.
എന്നാൽ ഭൂമിശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് മറ്റൊന്നാണ്. ധാധുക്കളാൽ സമ്പുഷ്ടമായ പാറക്കെട്ടുകൾക്കിടയിലൂടെ കടന്നുപോകുന്നതിന്റെ ഫലമായിട്ടാണ് നദിയിൽ സ്വർണം കലർന്നത് എന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഈ വെള്ളം പാറകൾക്കിടയിൽ തട്ടുമ്പോൾ ഘർഷണം മൂലം സ്വർണത്തിന്റെ സൂക്ഷ്മ കണികകൾ പുറത്തേയ്ക്ക് വരുന്നു. വെള്ളത്തിൽ കലരുന്ന ഇവ തരികളായി ഒഴുകുന്നു.
സ്വർണരേഖ നദിയിൽ സ്വർണം കലർന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ തുടരുകയാണ്. സ്വർണരേഖയിൽ ചെന്ന് ചേരുന്ന നദിയാണ് കർകരി . ഈ നദിയുടെ തീരത്ത് നിന്നും മുൻകാലങ്ങളിൽ സ്വർണം ലഭിച്ചിരുന്നേ്രത. ഇവിടെ നിന്നുള്ള സ്വർണമാണ് സ്വർണരേഖയിലൂടെ ഒഴുകുന്നത് എന്നും പറയപ്പെടുന്നു. സ്വർണരേഖയുടെ തീരത്ത് പണ്ട് സ്വർണ ഖനിയായിരുന്നുവെന്നും ചരിത്രരേഖകളിൽ ചിലതിൽ പറയുന്നുണ്ട്.
സ്വർണരേഖ നദിയെ ചുറ്റിപ്പറ്റിയാണ് ഇവിടെയുള്ളവരുടെ ജീവിതം. നദിയിൽ എത്തി മണൽ അരിച്ച് സ്വർണത്തരികൾ കണ്ടെത്തും. ഇത് വിറ്റാകും ഇവർ നിത്യചിലവുകൾ നടത്തുക. ആദ്യ കാലങ്ങളിൽ വലിയ അളവിൽ ഇവിടെ നിന്നും സ്വർണം ലഭിച്ചിരുന്നു. എന്നാൽ തുടർച്ചയായുള്ള ശേഖരണത്തെ തുടർന്ന് സ്വർണത്തിന്റെ അളവ് വളരെ കുറവാണ്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും ഇവർക്ക് ലഭിക്കുകോ ഒന്നോ രണ്ടോ മൺതരികൾ മാത്രമായിരിക്കും. ഇവിടുത്തുകാരുടെ പാരമ്പര്യ തൊഴിൽ ആണ് ഇത്.
ഇവരെ കേന്ദ്രീകരിച്ച് ജീവിക്കുന്ന വ്യാപാരികളും നിരവധിയാണ്. നദിയിൽ നിന്നും ലഭിച്ച സ്വർണം ഇവർ വ്യാപാരികൾക്ക് കൈമാറും. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് രാജ്യത്തെ സ്വർണ വില. എന്നാൽ സ്വർണ തരികളുമായി വ്യാപാരികൾക്ക് മുൻപിൽ എത്തുന്നവർക്ക് തുച്ഛമായ തുകയാണ് ലഭിക്കുക. എന്തുതന്നെയാണെങ്കിലും ഇവർ ക്ഷമയോടെ നദിക്കരയിൽ കാത്തിരിക്കും. എത്ര കഠിനമാണെങ്കിലും പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കാൻ ഇവർ തയ്യാറല്ല.
ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും ഏകദേശം 16 കിലോമീറ്റർ സഞ്ചരിച്ചാലാണ് പിസ്‌കയിൽ എത്താൻ കഴിയുക. ഇവിടെ നിന്നും സ്വർണത്തരികളുമായി ആർക്കും തിരികെ മടങ്ങാം.
Discussion about this post