അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കാനഡയുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. കാനഡയെ യുഎസിന്റെ ഒരു പുതിയ സംസ്ഥാനമാക്കും എന്നാണ് ട്രംപ് ആവർത്തിച്ചു പറയുന്നത്. അതുപോലെ തന്നെ റഷ്യ-യുക്രൈൻ വിഷയത്തിൽ ട്രംപ് യുക്രൈൻ പ്രസിഡണ്ട് സെലൻസ്കിയുമായി കൊമ്പ് കോർത്തതും ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. കൂടാതെ യൂറോപ്യൻ രാജ്യങ്ങളുമായും ഇപ്പോൾ അസ്വാരസ്യത്തിലാണ് ട്രംപ്. ഈ വിഷയത്തിൽ അന്താരാഷ്ട്ര നിരീക്ഷകർ വ്യക്തമാക്കുന്ന ഒരു പ്രധാന കാര്യം ഈ രാജ്യങ്ങളുടെ ധാതു സമ്പത്ത് കൈകാര്യം ചെയ്യാൻ അമേരിക്ക ആഗ്രഹിക്കുന്നതാണ് പല പ്രശ്നങ്ങളുടെയും മൂല കാരണം എന്നാണ്.
ഭൂമിക്കടിയിൽ ഒളിഞ്ഞു കിടക്കുന്ന പ്രകൃതിദത്തമായ ധാതുക്കൾ കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് കാനഡയും യുക്രൈനും. ഈ ധാതു സമ്പത്തിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിൽ എത്തിയാൽ യഥാർത്ഥത്തിൽ പണി കിട്ടുക ചൈനയ്ക്ക് ആയിരിക്കും. കാരണം ഇന്ന് ലോകത്തിലെ ധാതുക്കളുടെ ഏറ്റവും കൂടുതൽ ശേഖരം ഉള്ളത് ചൈനയിലാണ്. അമേരിക്ക അടക്കമുള്ള മിക്ക ലോകരാജ്യങ്ങളും പല പ്രകൃതിദത്ത ധാതുക്കൾക്കും ചൈനയെ ആണ് ആശ്രയിക്കുന്നത്. ധാതുസമ്പത്തിന്റെ കാര്യത്തിൽ ചൈന ലോകത്ത് ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ മൊത്തം അപൂർവ ധാതുക്കളുടെ 90% വും ചൈനയിൽ ആണെന്ന് തന്നെ പറയാം. ചൈന പ്രതിവർഷം 4.6 ബില്യൺ പ്രകൃതിദത്ത ധാതുക്കൾ ഉൽപാദിപ്പിക്കുന്നു. 2.2 ബില്യൺ ടൺ പ്രകൃതിദത്ത ധാതുക്കളുടെ ഉത്പാദനം മാത്രമാണ് അമേരിക്കയിൽ വർഷംതോറും നടക്കുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കയ്ക്ക് മറ്റു രാജ്യങ്ങളിലുള്ള പ്രകൃതിദത്ത ധാതുക്കളുടെ മേൽ നിയന്ത്രണം ഉണ്ടായാൽ ചൈനയെ തകർക്കുക എന്ന ലക്ഷ്യം എളുപ്പത്തിൽ സാധിക്കുന്നതാണ്.
സ്വർണ്ണം, വെള്ളി, നിക്കൽ, ചെമ്പ്, യുറേനിയം, പൊട്ടാഷ്, കൊബാൾട്ട്, വജ്രം തുടങ്ങിയ ധാതുക്കളുടെ സമൃദ്ധമായ നിക്ഷേപമുള്ള രാജ്യമാണ് കാനഡ. ഗ്രാഫൈറ്റ്, ലിഥിയം തുടങ്ങിയ അപൂർവ ധാതുക്കളാൽ സമ്പന്നമാണ് യുക്രൈനും. ഈ രണ്ടു രാജ്യങ്ങളോടും ഉള്ള ട്രംപിന്റെ ഇടപെടലുകൾക്ക് പിന്നിൽ അവരുടെ ഭൂമിക്ക് അടിയിലുള്ള ഈ അപൂർവ്വ ധാതുക്കൾ ആണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
ആധുനികകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന പ്രകൃതിദത്ത ധാതുക്കളിൽ ഒന്നാണ് ഇലക്ട്രോണിക് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയം. 19 ദശലക്ഷം ടണ്ണിലേറെ ലിഥിയം ശേഖരമുള്ള യുക്രൈൻ അമേരിക്കയുടെ അധീനതയിൽ ആയാൽ ലോക വിപണിയുടെ നിയന്ത്രണം തന്നെ അമേരിക്കയ്ക്ക് കൈവരും. ഇന്ന് ലോകരാജ്യങ്ങൾ അസംസ്കൃത ധാതുക്കൾക്ക് പ്രധാനമായും ചൈനയെ ആണ് ആശ്രയിക്കുന്നത്. പ്രകൃതിദത്തമായ അസംസ്കൃത ധാതുക്കളുടെ മേലുള്ള ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാനും , മാറിക്കൊണ്ടിരിക്കുന്ന വ്യാവസായിക സാഹചര്യത്തിൽ അമേരിക്കയ്ക്ക് ലോകരാജ്യങ്ങൾക്കുമേൽ ശക്തമായ സ്വാധീനം ചെലുത്താനും വേണ്ടിയാണ് കാനഡയെയും യുക്രെയിനെയും ട്രംപ് നോട്ടമിട്ടിരിക്കുന്നത് എന്നാണ് ഈ നിഗമനങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post